Sports

ഇന്ത്യയില്‍ ഇങ്ങനെയും ഒരു ക്രിക്കറ്റ് താരമുണ്ട്

ജമ്മു കാശ്മീര്‍: പലതരം വികലാംഗരെ നാം കണ്ടിട്ടുണ്ട്. അവരില്‍ പലരും സ്വന്തം വൈകല്യത്തെ മറന്ന് ജീവിതം മുന്നോട്ടു തെളിക്കുന്നവരാണ്. അവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് ജമ്മു കാശ്മീര്‍ സ്വദേശിയായ അമീര്‍ ഹുസൈന്‍. രണ്ട് കൈകളുമില്ല ഈ യുവാവിന്. പക്ഷേ ആള്‍ നല്ലൊരു ക്രിക്കറ്റ് താരമാണ്. അംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീം നായകനും കൂടിയാണ് ഈ ഇരുപത്താറുകാരന്‍ എന്നറിയുമ്പോള്‍ മൂക്കത്ത് കൈവയ്ക്കാതെ തരമില്ല.

കയ്യില്ലെങ്കിലും കാലുകൊണ്ട് ഒന്നാന്തരമായി ബൗള്‍ ചെയ്യും. ചുമലിനും താടിക്കും ഇടയില്‍ പിടിച്ച് യഥാര്‍ത്ഥ കളിക്കാരെ വെല്ലുന്ന തരത്തില്‍ ബാറ്റും ചെയ്യും. പോരാത്തതിന് എഴുത്തും ഭക്ഷണം കഴിക്കലും തുടങ്ങി ഷേവ് ചെയ്യുന്നത് വരെ കാലുകൊണ്ടാണ്. എട്ടാം വയസ്സില്‍ ഒരു തടിമില്ലില്‍ വച്ചുണ്ടായ അപകടമാണ് അമീറിനെ ഈ അവസ്ഥയിലേക്കെത്തിച്ചത്. എങ്കിലും തളര്‍ന്നു കിടക്കാനോ വികലാംഗനെന്ന പേരില്‍ ആരുടെയും സഹായമോ ഈ യുവാവ് തേടിപ്പോയിട്ടില്ല.

അംഗപരിമിതനായ മകനെ ഉപേക്ഷിക്കാനാണ് പിതാവ് ബാഷറിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. പക്ഷേ ഇല്ലായ്മകള്‍ക്കിടയിലും ബാഷര്‍ മകനെ പൊന്നുപോലെ നോക്കി. വികലാംഗനാണെന്ന പേരില്‍ സ്‌കൂളില്‍ നിന്നും ഒരുപാട് കയ്‌പ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട് അമീരിന്. ഒരുവിധം പഠിച്ച് കോളേജിലെത്തിയ സമയത്താണ് അമീറിലെ ക്രിക്കറ്റ് താരത്തെ ഒരദ്ധ്യാപകന്‍ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അമീറിന് അംഗപരിമിതരുടെ ക്രിക്കറ്റ് ടീമിലേക്കുള്ള വാതില്‍ തുറന്നത്.

പിന്നീട് അങ്ങോട്ട് അമീറിന്റെ നാളുകളായിരുന്നു. പലര്‍ക്കും അമീറിന്റെ ജീവിതം ഒരു പാഠപുസ്തകമായി മാറി. പക്ഷേ കളിയിലും ജീവിതത്തിലും വിലാംഗര്‍ നേരിടുന്ന അവഗണനയില്‍ അമീര്‍ അത്ര സന്തുഷ്ടനല്ല. എന്നെങ്കിലും അംഗപരിമിതരുടെ ദേശീയ ടീമില്‍ കയറിപ്പറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഈ താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button