തിരുവനന്തപുരം: ഇന്നത്തെ ന്യൂജെന്‍ നായകന്മാരുടെ ധാര്‍ഷ്ട്യവും, അഹന്തയുമാണ് മലയാള സിനിമയുടെ ശാപമെന്ന് റോയ്.പി.തോമസ്. അഭിമുഖം ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും ചെയ്ത ശ്രീനാഥ് ഭാസിക്ക് നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത് വളരെ ശരിയായ കാര്യമാണെന്ന് റോയ്.പി.തോമസ് തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം…
അഗ്‌നിപര്‍വ്വതങ്ങള്‍
പുകഞ്ഞു തുടങ്ങുമ്പോള്‍
ഇന്ത്യന്‍ സിനിമ മലയാള സിനിമയെ ആരാധനയോടെ ഉറ്റു നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. സാഹിത്യവും സംസ്‌കാരവും സഹൃദയത്വവും ഒത്തുചേര്‍ന്ന നിര്‍മ്മാതാക്കളും, അര്‍പ്പണബോധമാര്‍ന്ന സാങ്കേതിക പ്രവര്‍ത്തകരും, കഥാപാത്ര സൃഷ്ടിക്കായി ആവശ്യപ്പെടുന്ന എല്ലാവിധ സഹകരണവും നല്‍കിയിരുന്ന, നിര്‍മ്മാതാക്കളും സാങ്കേതിക വിദഗ്ധരും കൂടിച്ചേര്‍ന്നാണ് വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ക്ക് അമരത്വം നല്‍കുന്നതെന്ന തിരിച്ചറിവോടെ സഹകരിച്ച് ഒത്തു നീങ്ങിയിരുന്ന നടിനടന്മാരും ഈ വ്യവസായത്തിന്റെ നെടും
തൂണുകളായിരുന്ന ഒരു പുഷ്‌ക്കര കാലം.
ഇന്നത്തെ ശോച്യാവസ്ഥയ്ക്ക് പ്രാരംഭം കുറിച്ചത് നിര്‍മ്മാതാക്കളുടെ ലേബലില്‍ എത്തിയ ലക്ഷ്യബോധമില്ലാത്ത ചില വ്യക്തികള്‍ കൂടിയായിരുന്നുവെന്ന സത്യവും നാം മറക്കരുത്.
കലയുമായി പുലബന്ധംപോലുമില്ലാതിരുന്ന ആ വളരെ ചെറിയ വിഭാഗം മലയാള സിനിമയ്ക്ക് ചെയ്തിട്ടുള്ള ബുദ്ധിമുട്ടുകളും ഒട്ടും ചെറുതല്ല. സ്വന്തമായി ഒരു കഥയെഴുതാന്‍, തിരക്കഥയെഴുതാന്‍, സംവിധാന സമയത്ത് കാര്യകാരണസഹിതം നടി നടന്മാരെ അത് പറഞ്ഞ മനസ്സിലാക്കി അവരുടെ കഴിവുകളെ മാക്‌സിമം പുറത്തെടുപ്പിച്ച് സീനുകള്‍ ഒരുക്കാന്‍ കഴിവില്ലാത്ത അപൂര്‍വ്വം ചിലരൊക്കെ ഏത് വൃത്തികെട്ട ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറായി സംവിധായക മേലങ്കിയുമണിഞ്ഞു.
സകലതും ക്ഷമിച്ചതും സഹിച്ചതും പ്രൊഡ്യൂസര്‍മാരായിരുന്നു. അവരുടെ സഹനമാണ് ഇപ്പോള്‍ അവരെ തന്നെ വിഴുങ്ങുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നത്. സിനിമ തുടങ്ങുന്നവരെ പ്രൊഡ്യൂസറാണ് മുതലാളി. തുടങ്ങുന്ന അന്നുമുതല്‍ പ്രൊഡ്യൂസര്‍ പല സിനിമാ സൈറ്റുകളിലെ കോമാളിയും. ഇതാണ് പല സിനിമകളുടെയും ഇന്നത്തെ അവസ്ഥ.
നല്ല കഥയും കഥ പറച്ചിലുമില്ലെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ ആയാലും ജനം തിരസ്‌കരിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. കാശു കൊടുത്തിട്ട് കാലുപിടിച്ച് അഭിനയിപ്പിക്കുന്ന കോമഡി ഇവിടെ മാത്രമാണ് കാണുന്നത്. മോന്തായം വളഞ്ഞാല്‍ കഴുക്കോലും വളയും അത്ര മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളൂ.
വായനയില്ല ചിന്തയില്ല ജീവിതാനുഭവങ്ങള്‍ ഇല്ലേയില്ല. നിയന്ത്രിക്കാനും ആരുമില്ലാത്ത അപക്വമനസ്സുകളില്‍ സ്റ്റാര്‍ഡം കുത്തി നിറയ്ക്കുമ്പോള്‍, ഉത്തേജകങ്ങള്‍ ഉണര്‍ത്തിവിടുന്ന മായികവിഭ്രാന്തിയില്‍ അവര്‍ അറിയാതെ വഴിതെറ്റി പോകുന്നത് സ്വാഭാവികം.
കാണാപാഠം പഠിച്ചു ഉരുവിട്ട മാതിരി ഓരോരുത്തരും സ്ഥാനത്തും അസ്ഥാനത്തും ‘ആരുടെയും തൊഴില്‍ വിലക്കാന്‍ ആര്‍ക്കും അവകാശമില്ല’ എന്ന് അര്‍ത്ഥമറിയാതെ ഉരുവിടുമ്പോള്‍ ഒരു പ്രൊഡ്യൂസറുടെ ജീവിതം തകര്‍ക്കാനും സാങ്കേതിക പ്രവര്‍ത്തകരുടെ തൊഴിലിന് വിഘാതം സൃഷ്ടിക്കാനും മറ്റൊരാള്‍ക്കും അവകാശമില്ല എന്നത് അവരെ ഓര്‍മിപ്പിക്കാന്‍ ഇവിടെ ആരുമില്ലേ.
അമിതമായ ധനവും പ്രശസ്തിയും അപ്രതീക്ഷിതമായി കയ്യില്‍ വരുമ്പോള്‍ പക്വത കുറവുള്ള മനസ്സുകള്‍ ഭ്രാന്തായി പോകുന്നത് മനുഷ്യസഹജം. ഒരു പരിധിവരെ ആ ഭ്രാന്തിനെ സപ്പോര്‍ട്ട് ചെയ്യുവാനായി മയക്കുമരുന്നിന്റെ അമിതോപയോഗവും കൂടിച്ചേര്‍ന്നപ്പോള്‍ എല്ലാം പൂര്‍ണ്ണമായി.
പ്രൊഡ്യൂസര്‍ ശ്രീ സുരേഷ് കുമാറിന്റെ തന്റേടം ഇനിയെങ്കിലും മറ്റു നിര്‍മ്മാതാക്കളും കണ്ടുപഠിക്കേണ്ടതാണ്. ഒരു പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ ഇവിടെ സംവിധായകരില്ല, എഴുത്തുകാരില്ല, ടെക്‌നീഷ്യന്‍സ് ആരുമില്ല, ആര്‍ട്ടിസ്റ്റുകളും ഇല്ല.
നല്ല ചിത്രങ്ങള്‍ വരയ്ക്കാനുള്ള ചുമരുകളിലാണ് ഇവിടെ കരിവാരി പൂശിക്കൊണ്ടിരിക്കുന്നത്. ‘ദീപസ്തംഭം മഹാശ്ചര്യം എനിക്ക് കിട്ടണം പണം’എന്ന രീതി മറന്ന് ഉണര്‍ന്നെണീറ്റില്ലെങ്കില്‍ നാളെ സിനിമയില്‍ നിറയുന്നത് അന്ധകാരം മാത്രമായിരിക്കും.
Post Your Comments