ഛപ്ര (ബീഹാര്‍) : പരീക്ഷയിലെ കോപ്പിയടി തടയാനായി നിരന്തരം നടത്തുന്ന ശരീര പരിശോധന മടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥി പരീക്ഷയ്‌ക്കെത്തിയത് അടിവസ്ത്രം മാത്രം ധരിച്ച്. കോപ്പിയടിയ്ക്ക് പേരുകേട്ട ബിഹാറിലാണ് സംഭവം. കോപ്പിയടി തടയാനായി പരീക്ഷയ്ക്കിടെ ഇടവിട്ട് നടത്തുന്ന ശരീര പരിശോധ മടുത്ത വിദ്യാര്‍ത്ഥിയാണ് ബനിയനും തോര്‍ത്തും മാത്രം ധരിച്ച് പരീക്ഷയ്‌ക്കെത്തിയത്. മനസമാധാനത്തോടെ പരീക്ഷയെഴുതാനാണ് താന്‍ ഇത്തരമൊരു വേഷം ധരിച്ച് പരീക്ഷയ്ക്ക് എത്തിയതെന്നും വിദ്യാര്‍ത്ഥി പറയുന്നു.
ഇക്കൊല്ലം മുതല്‍ ബീഹാറിലെ കോപ്പിയടി തടയാന്‍ വന്‍ സന്നാഹങ്ങളാണ് പരീക്ഷാ ഹാളിലും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നത്. 70,000 ഒഫീഷ്യലുകളാണ് കോപ്പിയടി തടയാനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ പരീക്ഷാ ഹാളിന് ഉള്ളിലും പുറത്തുമായി നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊക്കെയും മറികടന്ന് വീണ്ടും കോപ്പിയടി നടക്കുന്നതിനാലാണ് ഇടവിട്ട് ശരീര പരിശോധന നടത്തുന്നത്.
കര്‍ശന പരിശോധനകള്‍ നടക്കുമ്പോഴും കഴിഞ്ഞ ദിവസം നടന്ന പ്ലസ് ടു പരീക്ഷയ്ക്കിടെ 1,200 വിദ്യാര്‍ത്ഥികളാണ് കോപ്പിയടിയ്ക്ക് പിടിയിലായത്. പന്ത്രണ്ടാം ക്ലാസ് തുടങ്ങി മൂന്നു ദിവസങ്ങളിലായാണ് ഇത്രയുംപേര്‍ പിടിയിലായത്. ഇവരെ മൂന്ന് വര്‍ഷത്തേയ്ക്ക് പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച രക്ഷിതാക്കളും പിടിയിലായിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments