India

തലൈകൂത്തല്‍; ഇന്ത്യയില്‍ ഇപ്പോഴും തുടരുന്ന ദുരാചാരം

ചെന്നൈ: അങ്ങേയറ്റം മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ തലൈകൂത്തല്‍ എന്ന ദുരാചാരം തമിഴ്‌നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പ്രായമായ വൃദ്ധരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുന്ന പരമ്പരാഗത ആചാരമാണ് തലൈകൂത്തല്‍. സമ്മതമില്ലാതെയുള്ള ദയാവധമെന്നും ഈ ആചാരത്തെ വിളിക്കാം. മധുര, തേനി, വിരുധുനഗര്‍ എന്നീ ജില്ലകളില്‍ നടത്തിയ പഠനങ്ങളിലാണ് ദുരാചാരത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

മദ്രാസ് സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനോളജി അസിസ്റ്റന്റ് പ്രൊഫസര്‍ എം. പ്രിയംവദ ‘ എ സ്റ്റഡി ഓണ്‍ ദി വിക്റ്റിംസ് ഓഫ് ജെറോന്റിസൈഡ് ഇന്‍ തമിഴ്‌നാട്, ഇന്ത്യ ‘ എന്ന വിഷയത്തില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് തലൈകൂത്തല്‍ എന്ന ദുരാചാരത്തെക്കുറിച്ചുളളത്. ഭൂരിഭാഗവും അവരുടെ മക്കള്‍ തന്നെയാണ് വൃദ്ധരെ ഇങ്ങനെ മരണത്തിന് വിധിക്കുന്നത്. 30 ശതമാനം പ്രായമായവരുടേയും ജീവന്‍ ഭീഷണിയിലാണ്. ഒരു ആചാരം എന്ന നിലയിലാണ് വൃദ്ധരുടെ കൊലപാതകങ്ങള്‍ ഇവിടെ നടക്കുന്നതെന്ന് പഠനത്തോട് പ്രതികരിച്ചവര്‍ പറയുന്നു. 26 വിവിധ രീതികളില്‍ ഇവിടെ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്ന് 22 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

തലൈകൂത്തല്‍ നടപ്പാക്കുന്നതിന് നിരവധി കാരണങ്ങളാണ് ഇവര്‍ പറയുന്നത്. പ്രായമായവരെ സംബന്ധിച്ച ഉത്കണ്ഠ, വൃദ്ധരുടെ ശാരീരികവും മാനസികവുമായ ദുര്‍ബലത, മോശം സാമ്പത്തിക സ്ഥിതി എന്നിവയും ഇക്കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതേ സമയം മറ്റ് നേട്ടങ്ങള്‍ക്ക് വേണ്ടിയും വൃദ്ധരെ വകവരുത്തുന്നവരുണ്ട്. അച്ഛന്റെ സര്‍ക്കാര്‍ ജോലി നേടുന്നതിന് വേണ്ടിയാണ് തേനി ജില്ലയില്‍ ഒരു മകന്‍ അച്ഛനെ കൊന്നത്. യു.ജി.സി സഹായത്തോടെ 602 പേരിലാണ് പഠനം നടന്നത്. തലൈകൂത്തല്‍ എന്ന ആചാരം നടത്തുന്നതിനായി ഇടനിലക്കാരുടെ ശൃംഖലയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 300 മുതല്‍ 3000 രൂപ വരെ കൈപ്പറ്റി വിഷം കുത്തിവെച്ചാണ് ഇത്തരക്കാര്‍ തലൈകൂത്തല്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button