NewsIndia

പട്യാല ഹൗസ് കോടതി സംഘര്‍ഷം: ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതി വളപ്പില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കോടതികളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. കോടതി അസ്ഥിരമായാല്‍ ഭരണസംവിധാനം തകരുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജെ.എന്‍.യു കേസുമായി ബന്ധപ്പെട്ട് ക്രമസമാധാനനില തകരുന്നതില്‍ ആശങ്കയുണ്ട്. പ്രകോപനം കൂടാതെ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ആര്‍ക്കു വേണമെങ്കിലും എതിര്‍ക്കാം. വിഷയം ഇനിയും വഷളാകരുത്. എല്ലാവരും മിതത്വം പാലിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

രാവിലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഒരു അഭിഭാഷകനാണ് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിച്ചത്. കനയ്യ കുമാറിന് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പൊലീസ് പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസിന് മേല്‍ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പ്രതികരിച്ചത്.

അതേസമയം, കനയ്യ കുമാറിന് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പൊലീസ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാമ്പസിനുള്ളില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി.

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പുറത്തുനിന്ന് വ്യക്തമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കനയ്യക്ക് ക്ലീന്‍ചിറ്റ് നല്‍കാനാവില്ലെന്നും ബസി വ്യക്തമാക്കിയിരുന്നു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button