Kerala

പാപ്പിനിശ്ശേരി കൊലപാതകം: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അരോളി ആസാദ് കോളനിയില്‍ സുജിത്തിനെ വെട്ടിക്കൊല്ലുകയും കുടുംബത്തെ ഒന്നടങ്കം ആക്രമിക്കുകയും ചെയ്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊലപാതകരാഷ്ടീയവും ഭീകരപ്രവര്‍ത്തനവും അവസാനിപ്പിച്ചിട്ടില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേട്ടുകേള്‍വിയില്ലാത്ത നിഷ്ഠൂരമായ കൊലപാതകമാണ് അവിടെ നടന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് രാത്രി 11 നു ശേഷം നാടാകെ ഉറക്കത്തിലായപ്പോള്‍ സായുധരായ അക്രമികള്‍ വീടുകയറി സുജിത്തിനെ കൊലപ്പെടുത്തിയത്. അമ്മയേയും അച്ഛനേയും സഹോദരനേയും തലങ്ങും വിലങ്ങും വെട്ടി. വീടുകയറി കൊലനടത്തുന്നത് ഈ ഭാഗത്തെ മാര്‍ക്‌സിസ്റ്റികളുടെ സ്ഥിരം ശൈലിയാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എം.എല്‍.എ ഇ.പി ജയരാജന്റെ വീടനടുത്ത ബൂത്തില്‍ ബി.ജെ.പി ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചു എന്നതാണ് സുജിത്ത് ചെയ്ത കുറ്റം. പിണറായി ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ക്കുനേരെ ക്രൂരമായ ആക്രമണം നടത്തിയിരുന്നു.

സമാധാനത്തിനായി കേരളം ആകെ ആഗ്രഹിക്കുമ്പോഴും കഠാര രാഷ്ടീയമാണ് സി.പി.എമ്മിനെ നയിക്കുന്നതെന്ന് തെളിയുകയാണ് . ശാന്തിയും സമാധാനവും രാഷ്ടീയരംഗത്ത് ഉണ്ടാകണമെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞപ്പോള്‍ അതിനെ അവഗണിച്ച സി.പി.എം അക്രമരാഷ്ടീയത്തിന്റെ പാതയിലാണ് തങ്ങളെന്ന് ആവര്‍ത്തിക്കുകയാണ്. കൊലപാതകക്കേസുകളില്‍ നേതാക്കള്‍ ഉല്‍പ്പെടെ പ്രതികളാകുകയും ജനവികാരം എതിരാകുകയും ചെയ്തിട്ടും സി.പി.എം പാഠം പഠിക്കുന്നില്ല എന്നും തെളിയുകയാണ്. കൊലക്കത്തി താഴെവെച്ച് സമാധാനം ഉണ്ടാക്കാന്‍ സിപിഎം തയ്യാറാകണം. കൊലപാതകരാഷ്ടീയത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button