തിരുവനന്തപുരം : പി.ജയരാജനെ ജയിലിലടച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികാരം ഉപയോഗിച്ചും അക്രമങ്ങള്‍ നടത്തിയും ജനാധിപത്യവാദികളെ ഭീഷണിപ്പെടുത്തിയും സംഘപരിവാര്‍ നടത്തുന്ന തേര്‍വാഴ്ചകളില്‍ ശക്തമായി പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും ആവശ്യപ്പെടുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്.
സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ യു.എ.പി.എ വകുപ്പ് ചേര്‍ത്തുകൊണ്ടാണ് ജയിലില്‍ അടച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ഘട്ടത്തില്‍ അദ്ദേഹം പ്രതിയല്ല എന്നായിരുന്നു സി.ബി.ഐയുടെ നിലപാട്. 500 ദിവസത്തിലേറെ ദിവസം അന്വേഷണം നടത്തിയിട്ടും പ്രതിയല്ലെന്ന നിലപാട് രണ്ടു ദിവസം കൊണ്ട് തിരുത്തിക്കൊണ്ടാണ് അദ്ദേഹം പ്രതിയാണ് എന്ന പ്രഖ്യാപനം ഉണ്ടായത്. ഇത്തരമൊരു അവസ്ഥ രൂപപ്പെട്ടതിനു പിന്നില്‍ ആര്.എസ്.എസ് നല്കിയ ആജ്ഞയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ആര്.എസ്.എസ് സംസ്ഥാന നേതാക്കള്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായ്ക്ക് അയച്ച കത്ത് എന്ന നിലയില്‍ തയ്യാറാക്കിയ രേഖ സി.ബി.ഐ അതേപടി ഉപയോഗിക്കുന്ന സ്ഥിതിയാണുണ്ടായത്.
പി. ജയരാജനെ ഇല്ലാതാക്കുക എന്ന അജണ്ട നടപ്പിലാക്കാന്‍ സംഘപരിവാര്‍ പരിശ്രമം ആരംഭിച്ചിട്ട് ഏറെ നാളുകളായി. തിരുവോണനാളില്‍ വീട്ടില്‍ കയറി അദ്ദേഹത്തെ ആര്.എസ്.എസുകാര്‍ കഷ്ണങ്ങളാക്കി. കഷ്ണങ്ങളായ ശരീരത്തെ തുന്നിച്ചേര്‍ത്തുകൊണ്ടാണ് ഇന്ന് ജയരാജന് ജീവിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് ഉള്ളത്. നാലുതവണ ആന്ജിയോപ്ലാസ്റ്റിന് വിധേയമായിട്ടും ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ജയരാജന് ജീവിക്കുന്നത്. അദ്ദേഹത്തെയാണ് എല്ലാ മനുഷ്യാവകാശ കാഴ്ചപ്പാടുകളേയും കാറ്റില്പറത്തിക്കൊണ്ട് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച് പീഡിപ്പിക്കുന്ന അതിക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന വിധ്വംസക ശക്തികളെ അമര്‍ച്ച ചെയ്യാനാണ് എന്നു പറഞ്ഞുകൊണ്ടാണ് യു.എ.പി.എ നിയമം കൊണ്ടുവന്നത്. മുമ്പ് ടാഡ കേസുകള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ ഇത്തരം കഠിന നിയമങ്ങളും വകുപ്പുകളും സാധാരണ കേസുകളില്‍ ചേര്‍ക്കുന്ന പ്രവണത ശരിയല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും പൊതുപ്രവര്‍ത്തകര്‍ക്കു നേരെ യു.എ.പി.എയും കാപ്പ പോലുള്ള ഭീകര നിയമങ്ങളും വ്യാപകമായി പ്രയോഗിക്കപ്പെടുകയാണ്. ജനാധിപത്യപരമായ എല്ലാ രീതികളേയും കാറ്റില്‍പറത്തി പൊതുപ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കരിനിയമങ്ങള്‍ പ്രയോഗിക്കുക എന്നത് യു.ഡി.എഫ് സര്‍ക്കാര്‍ ഒരു നയമായിത്തന്നെ ആവിഷ്കരിച്ചിരിക്കുകയാണ്. മാനുഷിക പരിഗണന പോലും ഇല്ലാതെ പീഡിപ്പിക്കുന്ന ഇത്തരം നടപടികള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ ജനാധിപത്യവിരുദ്ധതയുടെ പ്രവാഹമായിരിക്കും സമൂഹത്തില്‍ ഉണ്ടാവുക. സംഘപരിവാറിന്റെ ഈ നയങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്.
പുരോഗമന ആശയങ്ങളുടെ ബൗദ്ധിക കേന്ദ്രമായി വിശേഷിപ്പിക്കുന്ന ജെ.എന്‍.യു.വിനെ തകര്‍ക്കാനുള്ള സംഘടിതമായ പരിശ്രമവും സംഘപരിവാര്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജെ.എന്‍.യുവിന്റെ ചെയര്മാന് കൂടിയായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് സംഘപരിവാര്‍ ഇടപെട്ടത്. എ.ബി.വി.പിക്കാരെക്കൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ച് അതിന്റെ ഉത്തരവാദിത്വം മറ്റു വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവച്ച് ജയിലില്‍ അടയ്ക്കാനുള്ള ശ്രമങ്ങളാണ് ആര്.എസ്.എസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ നടന്നുകൊണ്ടിരിക്കുന്നത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയും കരിനിയമങ്ങള്‍ പ്രയോഗിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍ ജനാധിപത്യപരമായ എല്ലാ പ്രവര്‍ത്തന രീതികളേയും കാറ്റില്പറത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ജെ.എന്‍.യുവിലെ ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ഈ പ്രതിഷേധങ്ങളെ ഇല്ലാതാക്കുക എന്ന നിലപാടിന്റെ ഭാഗമായാണ് സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി ഓഫീസായ ഡെല്‍ഹിയിലെ എ.കെ.ജി ഭവനു നേരെ അക്രമങ്ങള്‍ നടത്തിയത്. സി.പി.ഐ (എം) ന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വധഭീഷണി പോലും മുഴക്കുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്.
ഡല്‍ഹിയില്‍ പട്യാല ഹൗസ് കോടതിയില്‍ സംഘപരിവാര്‍ നടത്തിയ തേര്‍വാഴ്ചയുടെ ഫലമായി കോടതി നടപടികള്‍ മണിക്കൂറുകളോളം സ്തംഭിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്. ജെ.എന്‍.യു അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മൃഗീയമായി മര്‍ദ്ദിച്ചിരിക്കുകയാണ്.
ജഡ്ജിയുടെ ചേംബറില്‍ കയറി രക്ഷപ്പെടേണ്ട അവസ്ഥയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ഉണ്ടായത്. ബിനോയ് വിശ്വത്തെ പോലും ആക്രമിക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായിരിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാ കളങ്കം സൃഷ്ടിക്കുന്ന നടപടികളായി ഇത് മാറിയിരിക്കുന്നു. ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ അക്രമികളുടെ അഴിഞ്ഞാട്ടത്തിന് പോലീസ് മൂക സാക്ഷികളായി എന്നതും അതീവ ഗൗരവകരമായ കാര്യമാണ്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ പോലും തടസപ്പെടുത്തുന്ന നിലയിലേക്ക് സംഘപരിവാര്‍ ഇടപെടുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഡല്‍ഹിയില്‍ നടന്ന സംഭവങ്ങള്‍.
അക്രമണോത്സുക വര്‍ഗീയത രാജ്യത്തെമ്പാടും വ്യാപിപ്പിച്ചുകൊണ്ട് ജനാധിപത്യപരമായ പൗരന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ ബി.ജെ.പി ഭരണത്തിന്റെ തണലില്‍ വ്യാപകമായിക്കഴിഞ്ഞു എന്നതാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ അസംബ്ലി മണ്ഡലം അടിസ്ഥാനത്തില്‍ ഫെബ്രുവരി 19 മുതല്‍ 26 വരെയുള്ള ഒരാഴ്ചക്കാലം വമ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഈ പ്രതിഷേധ പരിപാടിയില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യര്‍ത്ഥിച്ചു.
Post Your Comments