കൊൽക്കത്ത: ടി.എം.സി മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി എന്ന് പറയപ്പെടുന്ന അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ, മന്ത്രിയുടെ വീട്ടിലും റെയ്ഡ് നടത്തി ഇ.ഡി. ബംഗാൾ മന്ത്രിയുടെ വീട്ടിൽ 8 ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ പാർത്ഥ ചാറ്റർജി ഡോക്ടർമാരെ വിളിക്കുകയും, സുഖമില്ലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിന്റെ വീട്ടിലെത്തി വേണ്ട ചികിത്സ നൽകി.
പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. എസ്എസ്സി അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ ചാറ്റർജിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ED officials at Partha Chatterjee’s home as questioning continues,
India Today’s @Anupammishra777 brings in more details from Kolkata. #TMC #WestBengal #ITVideo | @snehamordani pic.twitter.com/5PGZwZOF3B— IndiaToday (@IndiaToday) July 23, 2022
പാർത്ഥ ചാറ്റർജി അംഗീകാരം നൽകിയ ഒരു ഉന്നതാധികാര മേൽനോട്ട സമിതിയാണ് അഴിമതിയുടെ മൂലകാരണമെന്ന് കൽക്കട്ട ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 2019 ജനുവരി മുതൽ സംസ്ഥാന-എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നടപടികളുടെ മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി അംഗങ്ങൾ പരസ്പര വിരുദ്ധമായ വാദങ്ങൾ കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനത്തിൽ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി അന്വേഷിക്കുന്നുണ്ട്.
പശ്ചിമ ബംഗാളിൽ നടന്ന അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരാണ് അർപ്പിതയുടേത്. ഇതിൽ ഇവർക്ക് ബന്ധമുള്ളതായി മനസിലായതിനാൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. എസ്.എസ്.സിയിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ കൗണ്ടിങ്ങ് മെഷീൻ ഉപയോഗിച്ചാണ് ഇത്രയധികം പണം എണ്ണി തിട്ടപ്പെടുത്തിയത്. 20 മൊബൈൽ ഫോണും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments