കോഴിക്കോട് : വീണ്ടും തടവ് ചാടിയ തട്ടിപ്പ് കേസ് പ്രതി നസീമയെ പിടികൂടി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നസീമയെ പിടികൂടിയത്. മാനസികാസ്വസ്ഥ്യമുള്ളതിനാല് താമസിപ്പിച്ചിരുന്ന കുതിരവട്ടം മാനസികാശുപത്രിയുടെ സെല്ലിന്റെ ഗ്രില്‍ വളച്ചാണ് ഇത്തവണ നസീമ തടവ് ചാടിയത്. കഴിഞ്ഞ വര്‍ഷവും ഇവര്‍ ഇവിടെ നിന്ന് തടവ് ചാടിയിരുന്നു.
പിടിയിലായതിന് ശേഷം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോഴാണ് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് നസീമ ഇതിന് മുന്‍പ് രക്ഷപ്പെട്ടത്. പിന്നീട് ഒരു മാസത്തെ തിരച്ചിലിനൊടുവില്‍ തൃപ്പൂണിത്തുറയിലെ ലോഡ്ജില്‍ നിന്ന് ഇവര്‍ പിടിയിലാവുകയായിരുന്നു. മഴു ഉപയോഗിച്ച് താമസിപ്പിച്ചിരുന്ന സെല്ലിന്റെ ഭിത്തി തുരന്നാണ് നസീമ അന്ന് പുറത്തു ചാടിയത്.
വീട്ടു ജോലിക്കാരിയായി നിന്ന് വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടുന്നതായിരുന്നു നസീമയുടെ പതിവ്. പതിനാലോളം കേസുകളില്‍ പ്രതിയാണ് നസീമ. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് കേസുകളുള്ളത്. അറയ്ക്കല്‍ രാജകുടുംബാംഗമാണെന്നു പരിചയപ്പെടുത്തി വിവാഹം കഴിച്ച് വഞ്ചിച്ച കേസിലാണ് ഇവര്‍ അവസാനമായി പിടിയിലായത്.
Post Your Comments