Kerala

രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യ മാഫിയയെ കൂട്ടുപിടിക്കുന്നു: വി.എം.സുധീരന്‍

തിരുവനന്തപുരം: രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യലോബിയെ കൂട്ടു പിടിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ഇത് അവരുടെ ജനകീയ അടിത്തറ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന വിവിധ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയത്തിന്റെ ഭാഗമായി കോടികള്‍ നഷ്ടപ്പെട്ട ബാറുടകളുമായി നേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ജനസമൂഹത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടവരെ കൂട്ടുപിടിച്ചാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. മദ്യനയം സാധുകരിച്ച സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാനോ, അട്ടിമറിക്കാനോ ആര്‍ക്കും കഴിയില്ല. സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് ഭവനങ്ങളില്‍ സമാധാനം ഉണ്ടായി. റോഡപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു. കേരളത്തിന്റെ ചുവടുപിടിച്ച് തമിഴ്‌നാട്ടില്‍ മദ്യനയം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ബിഹാറില്‍ നിതീഷ്‌കുമാറും കേരളത്തിന്റെ വഴിയാണ് നീങ്ങുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാറുകള്‍ വാരിക്കോഴി അനുവദിച്ചപ്പോള്‍ 730 ബാറുകള്‍ പൂട്ടുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ മദ്യ ഉപഭോഗം കുറച്ച് കൊണ്ടുവരാനും സര്‍ക്കാരിന് കഴിഞ്ഞു.

മദ്യനയം ശരിവച്ച് സുപ്രീംകോടതി വിധിയില്‍ ആശങ്കപ്പെടുന്നവര്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ. സി.പി.എമ്മും മദ്യ മുതളാലിമാരും. അധികാരത്തിലേറിയാല്‍ മദ്യനയം പുനപരിശോധിക്കുമെന്നാണ് സി.പി.എം പറയുന്നത്. ഒരിക്കല്‍ പറയുന്നത് മാറ്റി പറയുന്നതാണ് സി.പി.എം നയം. ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി തുടരുകയാണ്. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയിലൂടെ കോളുകളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി നിയന്ത്രിക്കാന്‍ സാധിച്ചു. സി.പി.എമ്മിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയത്. ക്രിമിനലുകളുടെ കൂടാരമായി സി.പി.എം നേതൃത്വം മാറി. അസഹിഷ്ണുതയുടെ വക്താക്കളാണ് നവകേരള മാര്‍ച്ച് നടത്തുന്നു. ടി.പി.ചന്ദ്രശേഖരന്‍ ക്രുരമായി കൊലപ്പെടുത്തിയവരാണ് ഇവര്‍. ആക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണ് സി.പി.എം. ഇവര്‍ ആക്രമ രാഷ്ട്രീയം കൈവിട്ടില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടി.പി.ശ്രീനിവാസനെ തലയ്ക്കടിച്ച് വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു. പിണറായി വിജയന്‍ ആദ്യം ഇതിനെ പ്രോത്സാഹിപ്പിച്ചു. തങ്ങള്‍ക്കെതിരെ കേസ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക എന്നിവതാണ് ഇവരുടെ ചെയ്തികള്‍. ഇഷ്ടമില്ലാത്തവരെ വക വരുത്തുകയും ആയുധങ്ങള്‍ വാരിക്കൂട്ടുകയും ബോംബ് നിര്‍മ്മിക്കുകയും ചെയ്യുന്ന പാര്‍ട്ടിയായി അവര്‍ മാറി.

സി.പി.എം രാഷ്ട്രീയ ആക്രമം നടത്തുമ്പോള്‍ ബി.ജെ.പി വര്‍ഗീയ ആക്രമമാണ് നടത്തുന്നത്. വര്‍ഗീയതയെ ആളിക്കത്തിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിനുപകരം സംഹരിക്കാനാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ഒന്നും അവര്‍ പാലിക്കുന്നില്ല. ആര്‍.എസ്.എസും സംഘപരിവാറും നിര്‍ദ്ദേശിക്കുന്നപോലെ ജീവിക്കാത്തവരുടെ അവകാശങ്ങള്‍ നിക്ഷേധിക്കുകയാണ്. ലോകം മഹാത്മാഗാന്ധിയെ കൂടുതല്‍ ആദരിക്കുമ്പോള്‍ ഇന്ത്യയില്‍ അദ്ദേഹത്തെ നിന്ദിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ജന്മനാട്ടില്‍നിന്നുള്ള പ്രധാനമന്ത്രിയുടെ കീഴിലാണ് ഗാന്ധി അവഹേളനം തുടരുന്നത്. ആര്‍.എസ്.എസും സംഘപരിവാറും ഭാരതത്തെ വര്‍ഗീയ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുകയാണ്. ആരെന്ത്് കഴിക്കണം, ചിന്തിക്കണം, എഴുതണം എന്നൊക്കെ തീരുമാനിക്കുന്നത് സംഘപരിവാറായി മാറി. ഇവരുടെ കല്‍പനകള്‍ അനുസരിക്കാത്തവരെ വകവരുത്തുകയാണ്. അസഹിഷ്ണതയെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. കാലഹരണപ്പെട്ട ചതുര്‍വര്‍ണ കാലത്തിലേക്ക് ഇന്ത്യയെ തിരിച്ചു കൊണ്ടുപോകാനാണ് സംഘപരിവാര്‍ നീക്കം.

ഹൈദ്രാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യ ഇതാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചവരെ ദേശദ്രോഹികളായി ചിത്രികരിക്കുന്നു. മരണാനന്തരം പോലും ദളിതനെ വെറുതെ വിടുന്നില്ല. ഇതിന് കാരണക്കാരായ കേന്ദ്രമന്ത്രിമാരെ പുറത്താക്കാെത അവരെ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നത്. വര്‍ഗീയ ദ്രാന്ത് പറയുന്ന കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളുമാണ് കേന്ദ്രം ഭരിക്കുന്നത്. ഇതിലൂടെ ലോകത്തിന് മുന്നില്‍ ഇന്ത്യ അപമാനിക്കപ്പെടുകയാണ്. കോണ്‍ഗ്രാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. വോട്ടുകള്‍ ഭിന്നിച്ചത് കാരണം ബി.ജെ.പിക്ക് നേട്ടം ഉണ്ടായി. കേരളത്തിലും വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള ബി.ജെ.പി ശ്രമം കോണ്‍ഗ്രസ് അനുവദിക്കില്ല. ബിഹാറില്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ച് ബി.ജെ.പിയെ നേരിട്ടപ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സി.പി.എം ചെയ്തത്. സി.പി.എം അവിടെ മതേതര കക്ഷികളോട് ചേര്‍ന്നിരുന്നെങ്കില്‍ ബി.ജെ.പിയുടെ സീറ്റ് ഇനിയും കുറയുമായിരുന്നു. അവസരവാദനിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.

1977ലും വി.പി.സിംഗിനോട് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചു. കോണ്‍ഗ്രസാണ് ഇവരുടെ മുഖ്യശത്രു. പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ സി.പി.എം തയ്യാറാകാത്തതും സുധീരന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കോണ്‍ഗ്രസിനെതിരെ ആരുമായും സി.പി.എം കൂട്ട് ചേരും. ചില അവസരങ്ങളില്‍ മതേതര വോട്ടുകള്‍ ബി.ജെ.പിക്കുവേണ്ടി ഭിന്നിപ്പിക്കുന്ന ക്വട്ടേഷന്‍ സംഘമായും അവര്‍ പ്രവര്‍ത്തിക്കും. അതിനാല്‍ ബി.ജെ.പി- സി.പി.എം സഖ്യ സാധ്യത തള്ളികളയാനാകില്ല. കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയ ഫാസിസ്റ്റ് സംഘങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിസ്മയകരമായ വികസനപദ്ധതികള്‍ക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയത്. വന്‍കിട പദ്ധതികള്‍ക്ക് ഒപ്പം സാധാരണക്കാര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കി.

സാന്റിയാഗോ മാര്‍ട്ടിനെ പുറത്താക്കി കാരുണ്യലോട്ടറി പദ്ധതികളിലൂടെ ആയിരക്കണക്കിനുപേര്‍ ചികിത്സാധനസഹായം നല്‍കി. ജനസമ്പര്‍ക്ക പരിപാടികള്‍ പതിനായിരങ്ങള്‍ക്ക് ആശ്വാസം ലഭിച്ചു. വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി ആരോപണം ഉന്നയിച്ച പിണറായി വിജയന്‍, എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു. തുടര്‍ന്നുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം അനിവാര്യമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി ഇതിനായി മുന്നിട്ടിറങ്ങണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button