കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പരാജയ ഭീതി കാരണമാണ് എതിരാളികൾ തനിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നതെന്ന് ഉമ ആരോപിച്ചു. ചിതയില്‍ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തില്‍ ചാടിയെന്ന് പറഞ്ഞാണ് ആക്രമിക്കുന്നത്. പി.ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുന്നതിനെയും അവർ പരിഹസിക്കുകയാണ്. പി.ടിക്ക് ഭക്ഷണം മാറ്റി വെയ്ക്കുന്നത് തന്റെ സ്വകാര്യതയാണെന്നും ഉമാ തോമസ് പറഞ്ഞു.
‘ഞാന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീയെന്ന രീതിയിലുള്ള ആക്ഷേപം കേട്ട് കഴിഞ്ഞു. അതില്‍ നിന്ന് തന്നെ പലപ്പോഴും പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയിലേക്ക് ചാടും. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടുമെന്നാണ് പ്രചരിപ്പിച്ചു. അത്തരം സ്ത്രീകള്‍ ഇവിടെ വേണ്ടേ. അവര്‍ മുന്‍പന്തിയില്‍ വരരുതെന്ന നിലപാടാണ് എല്‍ഡിഎഫിലുള്ളതെങ്കില്‍ തിരുത്തപ്പെടണം.പിടിക്ക് ഭക്ഷണം കൊടുക്കുന്നതിനെകുറിച്ചാണ് മറ്റൊരു ചര്‍ച്ച. അതെന്റെ സ്വകാര്യതയാണ്. ആ ഭക്ഷണം ഏര്‍പ്പാട് ചെയ്ത് തരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ പി.ടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യമാണ്. അതില്‍ ഒരാളും ഇടപെടേണ്ട. അതില്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടവുമല്ല’, ഉമ പറഞ്ഞു.
അതേസമയം, പി.ടി തോമസിന്റെ മരണത്തിനിപ്പുറവും അദ്ദേഹത്തിനുള്ള ഭക്ഷണം മാറ്റിവെച്ചിട്ടാണ് താന്‍ കഴിക്കാറുള്ളതെന്ന് നേരത്തെ ഉമ പറഞ്ഞിരുന്നു. ഇതിനെ പരിഹാസത്തോടെയായിരുന്നു സൈബർ സഖാക്കൾ നോക്കി കണ്ടത്. ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
Post Your Comments