ത്വക്കിൽ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവർത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതിൽ, പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരൻ ഉണ്ടാകുന്നത്. എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരൻ വരാനുളള സാധ്യതയുണ്ട്. തലയിൽ ചെതുമ്പൽ പോലെ വരുന്ന ഇൻഫെക്ഷൻ വേരുകളിലേക്ക് ബാധിച്ചാൽ ക്രമേണ മുടിയുടെ വളർച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും.
താരനകറ്റാൻ ചില നാടൻ വഴികൾ
1. ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരനകറ്റാൻ നല്ലതാണ്.
2. കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം.
3. ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ കൂടി ചേർത്ത് അരച്ചെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം.
4. മുട്ടയുടെ മഞ്ഞ തലയിൽ തേച്ച് അര മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
5. പാളയംകോടൻ പഴം ഉടച്ച് തലയിൽ തേച്ച ശേഷം കഴുകിക്കളയാം.
6. സവാളയോ ചുവന്നുളളിയോ വെള്ളം ചേർക്കാതെ അരച്ച് പിഴിഞ്ഞെടുത്ത് നീര് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
7. കീഴാർനെല്ലി ചതച്ച് താളിയാക്കി തലയിൽ തേച്ച് കുളിക്കാം.
8. ആൽമണ്ട് ഓയിലിനോടൊപ്പം ഒലീവ് ഓയിലും ചേർത്ത് തലയിൽ തേക്കുന്നത് താരൻ നിയന്ത്രിക്കാൻ സഹായകരമാകും.
9. വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂൺ വീതം, രണ്ട് ടീസ്പൂൺ തേൻ, മൂന്ന് ടീസ്പൂൺ തൈര് എന്നിവ ഒരുമിച്ചു ചേർത്ത് കുഴമ്പു പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.
10. ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം ആക്കുക. ഇത് തലയിൽ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.
11. തലയിൽ പുരട്ടാൻ ആവശ്യമായ വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
12. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേർത്ത് തലയിൽ തേക്കുന്നത് താരനകറ്റാൻ സഹായിക്കും.
Post Your Comments