തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികൂല പ്രതികരണങ്ങൾ നടക്കുകയാണ്. ഇതിനിടെ അവാർഡിനെതിരെ വിമർശനവുമായി സംവിധായകൻ കെ.പി വ്യാസൻ രംഗത്തെത്തി. ‘സംസ്ഥാന ചലച്ചിത്ര അവാഡുകൾ വേണ്ടപ്പെട്ടവർക്ക് ഭംഗിയായി വീതിച്ച് നൽകിയവർക്ക് നല്ല നമസ്കാരം?’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
അതേസമയം, മികച്ച നടന്റെ അവാർഡ് ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. മികച്ച നടിയായി രേവതിയെ ആണ് തെരഞ്ഞെടുത്തത്. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് രേവതിക്ക് അവാർഡ് ലഭിച്ചത്.
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും, നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജുവുമാണ് അവാർഡ് പങ്കിട്ടത്. ‘പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും, സങ്കീർണ്ണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും, അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവ്’ എന്നാണ് ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്.
‘വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമ്മിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ നടനായി തെരഞ്ഞെടുത്തത്’ എന്നും ജൂറി വിലയിരുത്തുന്നു.
Post Your Comments