കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ജോ ജോസഫിന് പിന്തുണയുമായി നടി ഗായത്രി വർഷ. സാങ്കേതിക ജ്ഞാനമുളള എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുളള സാക്ഷരത തൃക്കാക്കരക്കാർക്ക് ഉണ്ടെന്നാണ് കരുതുന്നതെന്ന് ഗായത്രി വർഷ പറഞ്ഞു. പി.ടി തോമസിന്റെ ഇടപെടലുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാൽ, പി.ടി തോമസിന്റെ ഭാര്യയുടെ കണ്ണീരല്ല ഇപ്പോൾ കേരളത്തിന് ആവശ്യമെന്നും ഗായത്രി മാധ്യമങ്ങളോട് പറഞ്ഞു. സഹതാപ തരംഗത്തിൽ കണ്ണീരിനൊപ്പം കരയാനുളളതല്ല കേരളത്തിന്റെ പ്രബുദ്ധതയെന്നും ഗായത്രി വർഷ കൂട്ടിച്ചേർത്തു. തൃക്കാക്കരയിലെ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു പ്രതികരണം.
‘കേരളം പ്രബുദ്ധതയുളള വോട്ടർമാരുടെ സംസ്ഥാനമാണ്. ഇവിടെ പരമ്പരാഗതമായി ഒരു വലതു മണ്ഡലമോ ഇടതു മണ്ഡലമോ ഇല്ല. സംസ്ഥാനത്തെ ഒരു മണ്ഡലവും ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ അല്ല. തൃക്കാക്കരയിൽ കൂടുതൽ പ്രബുദ്ധരായ വോട്ടർമാർ ഇന്നുണ്ട്. വിദ്യാസമ്പന്നരായ യുവത്വത്തിന്റെ വോട്ട് തൃക്കാക്കരയിലുണ്ട്. ‘- ഗായത്രി പറഞ്ഞു.
‘പി.ടി തോമസിന്റെ ഇടപെടലുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തത്വം, പഴയ കോൺഗ്രസ് നേതാവിന്റെ ഗുണങ്ങൾ ഇതൊക്കെയും ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ, പി.ടി തോമസിന്റെ ഭാര്യയുടെ കണ്ണീരല്ല ഇപ്പോൾ കേരളത്തിന് ആവശ്യം. സഹതാപ തരംഗത്തിൽ കണ്ണീരിന്റെ കൂടെ കെട്ടിപ്പിടിച്ച് കരയാനുളളതല്ല കേരളത്തിന്റെ പ്രബുദ്ധത. സ്ത്രീകളുടെ ഇനിയുളള ആർജ്ജവം കണ്ണീരിന് കൂട്ടല്ല. നാളെയ്ക്കുളള പ്രതീക്ഷയുടേതാണ്’-ഗായത്രി വർഷ പറഞ്ഞു.
Post Your Comments