എറണാകുളം: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി, ആലുവ താലൂക്കിൽ മോക്ഡ്രിൽ തിങ്കളാഴ്ച്ച നടക്കും. ഡാം തുറക്കേണ്ടി വരുന്ന സാഹചര്യത്തിൽ താലൂക്കിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം നേരിടാനാവശ്യമായ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തും. പെരിയാറിൽ വെള്ളം നിറയുന്ന സാഹചര്യത്തിൽ, ആദ്യം വെള്ളം കയറുന്ന ചെങ്ങമനാട് വില്ലേജിലെ വിരുത്തി കോളനിയിലാണ് മോക്ഡ്രിൽ നടക്കുക.
അടിയന്തര സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ സജ്ജീകരിക്കേണ്ട രീതി, വെള്ളം കേറുന്ന സാഹചര്യത്തിൽ കിടപ്പ് രോഗികൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരെ വീടുകളിൽ നിന്ന് മാറ്റേണ്ട രീതി, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ചികിത്സ ഉറപ്പാക്കൽ, കൺട്രോൾ റൂം സജ്ജമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ മോക്ഡ്രില്ലിൽ വിലയിരുത്തും.
ഡെപ്യുട്ടി കളക്ടർ (ആർ.ആർ) എൻ.എച്ച്. ബിന്ദു, ആലുവ തഹസീൽദാർ സുനിൽ മാത്യു എന്നിവർ മോക്ഡ്രില്ലിന് നേതൃത്വം നൽകും. റവന്യൂ, തദ്ദേശ സ്വയം ഭരണം, പോലീസ്, അഗ്നി രക്ഷ സേന, ആരോഗ്യം, തുടങ്ങിയ വകുപ്പുകളും, പ്രാദേശിക സന്നദ്ധസംഘടനകളും മോക്ഡ്രില്ലിൽ പങ്കാളികളാകും.
Post Your Comments