പാലക്കാട്: ട്രെക്കിങ്ങിനിടെ മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് വൻ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു ഇത്. 23 കാരനായ ബാബു വെളിവില്ലാതെ അസഭ്യവർഷം നടത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മദ്യമോ മയക്കുമരുന്നോ അടിച്ച് ബാബു ഓഫ് ആയെന്നായിരുന്നു പ്രചാരണം. വീഡിയോയിൽ പറയുന്നത് പോലെ ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് ബാബുവിന്റെ അമ്മ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
‘അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാൽ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാര പ്രശ്നത്തിനാണത്. ഈ വഴക്ക് കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്. എങ്ങാനും ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാൻ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലർ വിഡിയോയിൽ പകർത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്നവുമല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്’, അമ്മ പറഞ്ഞു.
അതേസമയം, ബാബുവിനെ മനഃപൂർവ്വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുഹൃത്തുക്കളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് സഹോദരൻ ഷാജി രംഗത്ത് വന്നിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണെന്നും ഷാജിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആയിരുന്നു റിപ്പോർട്ട് ചെയ്തത്.
Post Your Comments