തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന്‍ സുഭാഷ്. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്നും സുഭാഷ് പറഞ്ഞു. എന്നാൽ, ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രതി മരിച്ചതെങ്കലും സുരേഷിന്‍റെ ശരീരത്തിലെ ചതവുകൾ ഹൃദ്രോഗത്തിന് ആക്കം കുട്ടാന്‍ കാരണമായിരിക്കാമെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞത്. സുരേഷിന്‍റെ ശരീരത്തിലുണ്ടായ ചതവുകളിൽ അന്വേഷണം വേണമെന്നും ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ഇതോടെ സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പൊലീസ് വാദമാണ് പൊളിഞ്ഞത്.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ, പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്‍റെ കുടുംബവും ആരോപിച്ചതോടെ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.
Post Your Comments