മുംബൈ: യുക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണം മോസ്കോയ്ക്ക് മാത്രമല്ല, ആഗോള വളര്‍ച്ചയെയും ഗുരുതരമായി ബാധിക്കുന്നതായി സൂചന. വിപണിയിലെ തകര്‍ച്ച ഇതിനുദാഹരണമാണ്. യുഎസും യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യന്‍ എണ്ണയും പ്രകൃതിവാതകവും നിരോധിക്കാനുള്ള സാധ്യതയും പ്രശ്നം രൂക്ഷമാക്കുന്നു.
ക്രൂഡ് വില 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ഇത് ഇപ്പോഴും എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള വിപണികളെ ആശങ്കപ്പെടുത്തുന്നു. പണപ്പെരുപ്പം ആശങ്കപ്പെടുത്തുന്ന നിലയിലേക്ക്, വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുകയും കോര്‍പ്പറേറ്റ് വരുമാനത്തെയും സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുകയും ചെയ്യുന്നതിനാല്‍ എണ്ണവിലയിലെ ഓരോ വര്‍ധനയും രാജ്യത്തിന് വലിയ അപകടമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്റര്‍നാഷണല്‍ ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 9 ശതമാനം ഉയര്‍ന്ന് ബാരലിന് 130 ഡോളറിലെത്തി. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്ന് ക്രൂഡ് 139.13 ഡോളറിലെത്തിയിരുന്നു. ക്രൂഡ് ഓയില്‍ പ്രതിസന്ധിയെ തുടര്‍ന്ന് രൂപയുടെ മൂല്യം തിങ്കളാഴ്ച ഒരു ഡോളറിന് 77.05 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി.
യുദ്ധം തുടരുന്നതിലെ ആശങ്ക ലോകമെമ്പാടുമുള്ള വിപണികളെ കൂടുതല്‍ തളര്‍ത്തി. ബിഎസ്ഇ സെന്‍സെക്സ് 1,400 പോയിന്റിലധികം അല്ലെങ്കില്‍ 2.6 ശതമാനം ഇടിഞ്ഞ് 52,900ല്‍ എത്തി. നിഫ്റ്റി കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ശേഷം ആദ്യമായി 16,000ലേക്ക് താഴെയെത്തി. 391 പോയിന്റ് ഇടിഞ്ഞ് 15,855ല്‍ ആണ് വ്യാപാരം അവസാനിച്ചത്.
Post Your Comments