ലണ്ടൻ: ഒരു മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നും ഒന്നര ലക്ഷത്തോളം വില വരുന്ന ഐഫോൺ 13 പ്രോ മാക്സ് ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് കൈ കഴുകുന്ന സോപ്പ്. യു.കെയിലെ ഖൗല ലഫൈലി എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒന്നര ലക്ഷത്തോളം വില വരുന്ന ഐ ഫോണിനു പകരം യുവതിയ്ക്ക് ലഭിച്ചത് 75 രൂപയുടെ കൈ കഴുകുന്ന സോപ്പാണ്.
തട്ടിപ്പ് നടന്നിരിക്കുന്നത് ഡെലിവറി സമയത്താണെന്നാണ് പ്രാഥമിക നിഗമനം. 36 മാസത്തെ കരാറിൽ സ്കൈമൊബൈൽ വഴിയാണ് യുവതി മൊബൈൽ ഓർഡർ ചെയ്തത്. ഫോൺ ഓർഡർ ചെയ്യുന്ന സമയത്ത് അടുത്ത ദിവസം തന്നെ ഡെലിവറി ചെയ്യണമെന്ന ഓപ്ഷൻ ഖൗല ലഫൈലി തിരഞ്ഞെടുത്തിരുന്നു. എന്നാൽ, രണ്ട് ദിവസങ്ങൾക്കു ശേഷമാണ് യുവതിയ്ക്ക് പാക്കേജ് ഡെലിവർ ചെയ്തത്. ഇതുകൊണ്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നത് ഡെലിവറി സമയത്താകാമെന്ന് സംശയിക്കുന്നത്.
സംഭവത്തെ തുടർന്ന്, യുവതി സ്കൈമൊബൈലിൽ പരാതിപ്പെട്ടു. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ടവര്‍ ശരിയായ രീതിയിൽ തന്റെ പ്രശ്നം അന്വേഷിക്കുന്നില്ലെന്ന് തോന്നിയതിനാൽ യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഐഫോൺ 13 സിരീസിലെ ഏറ്റവും വില കൂടിയ ഫോണാണ് ഐഫോൺ 13 പ്രോ മാക്സ്. ഇന്ത്യയിൽ ഫോൺ വിൽക്കുന്നത് 1,29,900 രൂപയ്ക്കാണ്.
Post Your Comments