വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ബിൽ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയതോടെ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉയരുകയാണ്. 112 തസ്തികകളിലേക്ക് മാത്രമാണ് നിയമനമെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഇതുണ്ടാക്കുമെന്ന് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും നിയമനങ്ങള്‍ പി.എസ്.എസിക്ക് വിടുന്നത് വഴി ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യവും ശാസ്ത്രീയവുമാകുമെന്ന് സര്‍ക്കാറും ഉറപ്പിച്ചുപറയുന്നു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സര്‍വിസ് കമീഷന് (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വിസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്ലാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. നിയമനം പി എസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്.
എന്താണ് വഖഫ് ബോർഡ്?
ഗവണ്മെന്റിനു കീഴിലുള്ള ഒരു സ്റ്റാറ്റ്യൂറ്ററി സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1995 ലെ കേന്ദ്ര വഖഫ് നിയമ പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്. 1954-ല്‍ ഇന്ത്യ ഗവണ്‍മെൻറ് രൂപം നല്കിയ കേന്ദ്ര വഖഫ് ആക്റ്റ് അനുസരിച്ചാണ് രാജ്യത്തെ വഖഫ് ബോർഡുകള്‍ രൂപീകരിച്ചത്. സംസ്ഥാനത്തെ മുസ്ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍, വസ്തുക്കള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ കര്‍ത്തവ്യങ്ങളാണ് വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നത്.
വഖഫ് നിയമം അനുശാസിക്കുന്നപ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരും ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ബോര്‍ഡ് അധ്യക്ഷനെ അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. വഖഫ് സ്വത്തുക്കള്‍ മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ വിശ്വാസ – ആചാര അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്.
മുസ്ലിം ലീഗ് എതിർക്കുന്നു…
പുതിയ ബിൽ വഖഫ് ബോര്‍ഡിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പി.എസ്.സിക്ക് വിടുന്നതിന് പകരം വഖഫ് ബോര്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡിന് രൂപം നല്‍കുകയാണ് വേണ്ടതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. പി.എസ്.സി മുഖേനയാവുന്നതോടെ മുസ്ലിംകള്ക്ക് മാത്രം നിയമനമെന്ന നിഷ്കര്‍ഷത ഭാവിയില്‍ നീതിപീഠങ്ങള്‍ക്കുമുമ്പാകെ ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന മുസ്ലിം ലീഗിന്റെ വാദം.
‘മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള മാത്രമാണ് നിയമിക്കുക എന്ന് ഇടപക്ഷ സര്‍ക്കാര്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ബോധപൂര്‍വ്വ എഴുതിച്ചേര്‍ത്തതാണ്. സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ തൊഴിലിന് ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമായി നീക്കിവെക്കുമ്പോള്‍ ഭാവിയില്‍ അത് കോടയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ റദ്ദാക്കിയാല്‍ എല്ലാ വിഭാഗം ആളുകള്‍ക്കും തൊഴില്‍ ലഭിക്കുന്ന അവസ്ഥയുണ്ടാകും. അപ്പോൾ സ്വാഭാവികമായും ചെറിയൊരു ശതമാനം മാത്രമായിരിക്കും ബോര്‍ഡില്‍ മുസ്ലിം വിഭാഗം ഉണ്ടാവുക. ചില ഘട്ടങ്ങളില്‍ പള്ളികളിലെയും മദ്രസകളുടെയും മതസ്ഥാപനങ്ങളുടെയുമൊക്കെ നിയന്ത്രണം വഖഫ് ബോര്‍ഡ് ഏറ്റെടുക്കുന്ന ഘട്ടങ്ങളുണ്ട്. അപ്പോള്‍ മുസ്ലിംകള് അല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ഈ നിയന്ത്രണ ചുമതലകള്‍ വരും. അത് അനഭിലഷണീയമായ പ്രവണതകള്‍ക്ക് തെറ്റിദ്ധാരണകള്‍ക്കും വഴിവെക്കും’- മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം
Read Also: വിവാദങ്ങൾക്ക് തിരികൊളുത്തി ബിഷപ്പിന്റെ പ്രസ്താവന: 2021-ൽ അരങ്ങ് തകർത്ത വാദപ്രതിവാദങ്ങളിലൂടെ…
‘ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞത് പോലെ ഈ ബില്ലിലും അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ന്യായമായും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഭാവിയില്‍ ഈ ബില്ലിന് കോടതിയില്‍ തിരിച്ചടി ലഭിക്കുമെന്ന് അറഞ്ഞ് കൊണ്ട് തന്നെയാണ് സര്‍ക്കാര്‍ ബില്ല് പാസാക്കിയിട്ടുള്ളത് എന്നുറപ്പാണ്’- പി.എം.എ സലാം പറഞ്ഞു.
Post Your Comments