ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങളോട് രണ്ടാനമ്മയെപ്പോലെയാണ് പെരുമാറുന്നതെന്നും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണെന്നും ബി.എസ്.പി അധ്യക്ഷ മായാവതി.
ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത് ജാതി ചിന്താഗതി അവര്‍ക്കുണ്ടായതുകൊണ്ടാണെന്നും പാര്‍ട്ടിയുടെ മുസ്ലിം, ജാട്ട്, ഒ.ബി.സി കമ്മ്യൂണിറ്റി ഭാരവാഹികളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മായാവതി ആരോപിച്ചു.
ഒ.ബി.സി വിഭാഗം ഉയർത്തിയ ജാതി സെന്‍സസ് എന്ന ആവശ്യത്തെ ബി.എസ്.പി പിന്തുണയ്ക്കുന്നുണ്ടെന്നും ജാതിയെ പറ്റിയുള്ള ചിന്ത കാരണം കേന്ദ്രം ഈ ആവശ്യം അവഗണിക്കുകയാണെന്നും മായാവതി പറഞ്ഞു. ബി.എസ്.പിയെ അധികാരത്തിലെത്തിച്ചാല്‍ തങ്ങളുടെ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് പുറമെ ജാട്ട്, ഒ.ബി.സി വിഭാഗങ്ങളുടെയും പുരോഗതിയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്നും മായാവതി വാഗ്ദാനം ചെയ്തു.
‘സംസ്ഥാനത്ത് എല്ലാ കാര്യങ്ങളിലും മുസ്ലിങ്ങള്‍ വളരെ അസ്വസ്ഥരാണ്, ഈ സര്‍ക്കാര്‍ കാരണം അവരുടെ വളര്‍ച്ച നിലച്ചു, അവരെ കള്ളക്കേസില്‍ കുടുക്കി ചൂഷണം ചെയ്യുകയും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ബി.ജെ.പിക്ക് അവരോടുള്ള ചിറ്റമ്മ സമീപനമാണ് കാണിക്കുന്നത്,’ മായാവതി പറഞ്ഞു.
Post Your Comments