ബംഗളൂരു: ഹിന്ദു പെണ്‍കുട്ടിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത യുവാവിനെ കൊന്ന് തലയറുത്ത് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തളളിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ശ്രീരാമസേന നേതാവും പെണ്‍കുട്ടിയുടെ മാതാപിതാക്കളുമടക്കം പത്തുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. സെപ്റ്റംബര്‍ 28ന് കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം.
അര്‍ബാസ് അഫ്താബ് മുല്ല (24)യെയാണ് ശ്രീരാമസേന നേതാവും ഹിന്ദുസ്ഥാന്‍ താലൂക്ക് പ്രസിഡന്റുമായ പുന്ദലീക എന്ന മഹാരാജ് കൊലപ്പെടുത്തിയത്. ഹിന്ദു മതാനുയായിയായ ശ്വേതയുമായി അര്‍ബാസ് പ്രണയബന്ധത്തിലായിരുന്നു. എന്നാല്‍ ശ്വേതയുടെ മാതാപിതാക്കള്‍ക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഇവര്‍ അര്‍ബാസിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഖാന്‍പൂരിലേക്ക് ഇരുവരും താമസം മാറി. ഇതോടെ ശ്രീരാമസേന നേതാവായ പുന്ദലീകയ്ക്ക് പണം നല്‍കി യുവാവിനെ കൊലപ്പെടുത്താന്‍ ശ്വേതയുടെ പിതാവ് ഈരപ്പ കുമാര്‍, മാതാവ് സുശീല എന്നിവര്‍ തീരുമാനിച്ചു.
തുടര്‍ന്ന് അര്‍ബാസിന്റെ മാതാവ് സ്ഥലത്തില്ലാത്ത തക്കത്തിന് ഇയാളെ വിളിച്ചുവരുത്തിയ പുന്ദലീക അര്‍ബാസിന്റെ കൈയിലെ പണം തട്ടിയെടുത്തശേഷം കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഉടല്‍ ഭാഗം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിയ ബെലഗാവി പൊലീസ് ഇവരെയുള്‍പ്പടെ പത്തുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments