
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ കിടന്ന യുവതി കടന്നു പിടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരനാണ്. സംഭവത്തെത്തുടർന്ന് പ്രതിയെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ സസ്‌പെന്‍ഡ് ചെയ്തു.
കേസിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ഇയാള്‍ യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.
ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയായിരുന്നു അതിക്രമം. ശസ്ത്രക്രിയയ്ക്ക് ശേഷം അവശ നിലയിലായിരുന്നതിനാൽ സംഭവമുണ്ടായപ്പോൾ ഒന്ന് ഒച്ചവെക്കാൻ പോലും യുവതിക്ക് കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കൾ യുവതിയെ കാണാനെത്തിയ സമയം യുവതി സംഭവം അവരോട് പറയുകയായിരുന്നു.
ബന്ധുക്കളാണ് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ആര്‍എംഒയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷത്തിൽ ദിൽകുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് സമര്‍പ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കല്‍ കോളജ് പോലീസിനെ വിവരമറിയിച്ചത്. ശേഷം പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments