
കൊച്ചി : കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റിലായ സംഭവത്തില്‍ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്സൈസ്. സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ സംവിധായകന്‍ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും എക്‌സൈസ് പിടികൂടിയത്.
സമീറിന്റെ ഫ്ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഉടന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കും. കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
1.6 ഗ്രാം കഞ്ചാവുമായാണ് സംവിധായകര്‍ പിടിയിലായത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്.ഇരുവരെയും കൂടാതെ സംഭവസമയം കൂടെ ഉണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിരുന്നു.ഇയാള്‍ സിനിമ മേഖലയിലുള്ളതല്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.
Post Your Comments