Latest NewsNewsIndia

മുംബൈ ഭീകരാക്രമണ പദ്ധതി മെനഞ്ഞത് ഡേവിഡ് കോൾമാൻ ഹെഡ്ലി : തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ

താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം

മുംബൈ : മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് മൊഴി നൽകി തഹാവൂർ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് റാണ മൊഴി നൽകിയത്. ഡേവിഡ് കോൾമാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് പറഞ്ഞത്.

പരിചയക്കാരെ കാണാനാണ് ഡൽഹിയിലും കേരളത്തിലും സന്ദർശനം നടത്തിയതെന്നാണ് തഹാവൂർ റാണ നൽകിയ മൊഴി. താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളം സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രമണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്ലി മുംബൈയിൽ എത്തിയത്. ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദ്ദേശ പ്രകാരം ബഷീർ ഷെയ്ഖ് എന്ന വ്യക്തിയാണ് സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൗകര്യവും കണ്ടെത്തി നൽകിയതും ബഷീർ ഷെയ്‌ഖായിരുന്നു.

റാണയുടെ നിർദ്ദേേശ പ്രകാരമാണ് ഷെയ്ഖ് ഹെഡ്ലിയെ സ്വീകരിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു. എന്നാൽ റാണയുടെയും ഹെഡ്ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ഷെയ്‌ഖിന് വിവരമുണ്ടായിരുന്നോ എന്നതിൽ ഏജൻസി വ്യക്തത നൽകിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയിൽ ഇല്ല.

ഇയാൾ പിന്നീട് ഇന്ത്യ വിട്ടെന്നാണ് വിവരം. കൂടാതെ ഹെഡ്ലിയുടെ ഇന്ത്യയിലെ മറ്റുയാത്രകളിൽ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button