Latest NewsNewsIndia

മുന്‍ അധോലോക ഗുണ്ടാ നേതാവിന്റെ മകന് നേരെ വധശ്രമം : വെടിയേറ്റത് റിക്കി റായിക്ക്

ബെംഗലൂരു: കര്‍ണാടകയിലെ മുന്‍ അധോലോക ഗുണ്ടാ നേതാവിന്റെ മകന് നേരെ വധശ്രമം. ബെംഗലൂരുവിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് മുത്തപ്പറായിയുടെ മകന്‍ റിക്കി റായിയെയാണ് അജ്ഞാതര്‍ വെടിവച്ച്‌കൊല്ലാന്‍ ശ്രമിച്ചത്. ഫാം ഹൌസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് 35കാരന് വെടിയേറ്റത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനും കാര്‍ ഡ്രൈവറുമാണ് അക്രമം നടന്ന സമയത്ത് റിക്കി റായിക്ക് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വലത് കയ്യിലും മൂക്കിലും പരിക്കേറ്റ് റിക്കി ചികിത്സ തേടിയത്.

ബിദാദിയിലെ മുത്തപ്പറായിയുടെ ഫാമില്‍ നിന്ന് പുറത്തേക്ക് കാറില്‍ വരുമ്പോഴാണ് റിക്കി വെടിയേറ്റ് വീണത്. 12എംഎം ബോര്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് വെടിയുണ്ടകളാണ് അജ്ഞാതര്‍ റിക്കിക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റിക്കിക്ക് നിരവധി ശത്രുക്കളാണ് ഉള്ളത്. വെടിവയ്പില്‍ പരിക്കേറ്റ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. നാല് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. മുത്തപ്പറായിയുടെ മുന്‍ കൂട്ടാളിയായ രാകേഷ് മല്ലി, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, റിയല്‍ എസ്റ്റേറ്റ് വ്യാപാരികളായ നിതേഷ് ഷെട്ടി, വൈദ്യനാഥന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

ബെംഗലൂരുവിനെ കൈവള്ളയില്‍ അമ്മാനമാടിയ അധോലോക നേതാവിന്റെ സ്വത്തു സംബന്ധിച്ച് രണ്ടാം ഭാര്യയുമായുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. സ്ഥിരമായി സ്വയം ഡ്രൈവ് ചെയ്യാറുള്ള റിക്കിയെ ലക്ഷ്യമിട്ട് ഡ്രൈവിംഗ് സീറ്റിലേക്കാണ് വെടിയുണ്ടകളെത്തിയത്. ബെംഗലൂരു ഐ ടി തലസ്ഥാനമായി വികസിക്കുന്ന 1990കളില്‍ നഗരത്തെ നിയന്ത്രിച്ചിരുന്ന, നിരവധി കൊലപാതക, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായിരുന്നയാളാണു മുത്തപ്പ റായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button