KeralaLatest NewsNews

വെള്ളറടയില്‍ 108 ആംബുലന്‍സ് കിട്ടാതെ യുവതി മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് പോലീസ്

വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സ് കിട്ടാതെ യുവതിയായ ആന്‍സി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. ആന്‍സിക്ക് ചികിത്സാ സഹായം നല്‍കിയവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ആന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയിലേക്കെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആന്‍സി മരിച്ചത്.

പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ ആന്‍സിയെ മാറ്റാന്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. എന്നാല്‍ കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു 108 അധികൃതര്‍ മറുപടി നല്‍കിയത്.

പാറശാല, വെള്ളറട കുരിശുമല ഡ്യൂട്ടിക്ക് വേണ്ടിയായിരുന്നു ആംബുലന്‍സ് മാറ്റി വെച്ചത്. മറ്റ് ആംബുലന്‍സുകള്‍ തിരക്കിലാണെന്നുമായിരുന്നു മറുപടി. അഞ്ച് കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സുണ്ടായിട്ടും സൗകര്യം ലഭ്യമായില്ലെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി പറഞ്ഞത്.

ഒന്നര മണിക്കൂറിന് ശേഷം ഓക്സിജനില്ലാത്ത സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകാന്‍ സാധിച്ചത്. എന്നാല്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ആന്‍സി മരിക്കുകയായിരുന്നു. ആംബുലന്‍സിന് വേണ്ടി ആനി 108ല്‍ വിളിച്ചതിന്റെ ഫോണ്‍ സന്ദേശവും ലഭിച്ചിട്ടുണ്ട്.

രോഗി സാമ്പത്തികമായി പിന്നോക്കമായതുകൊണ്ടാണ് 108 വിളിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ആവശ്യമാണെന്നും മെമ്പര്‍ പറഞ്ഞിട്ടും ആംബുലന്‍സ് നല്‍കിയില്ല. രോഗി മരിച്ച സമയത്തും 108ല്‍ വിളിച്ച് ആനി പ്രതിഷേധം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button