
തെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ റാഫേൽ മരിയാനോ ഗ്രോസി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സുപ്രധാന ചർച്ചയുടെ ഘട്ടമാണിത്. ചർച്ചയിൽ നല്ല തീരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാർ യാഥാർഥ്യമായാൽ ഒന്നും ആശങ്കപ്പെടേണ്ടതില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ കുറിച്ച് ഗ്രോസ് പ്രതികരിച്ചു.
ബുധനാഴ്ച തലസ്ഥാനമായ തെഹ്റാനിലെത്തിയ ഗ്രോസി, ഇറാന്റെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് ഇസ്ലാമിയുമായും കൂടിക്കാഴ്ച നടത്തി. ആണവ പദ്ധതി ചർച്ചയിൽ ഐ.എ.ഇ.എ നിഷ്പക്ഷത പാലിക്കുകയും പ്രഫഷനലായി പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നതെന്ന് ഇസ്ലാമി പറഞ്ഞതായി ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.
Post Your Comments