KeralaLatest NewsNews

ഈസ്റ്റർ രുചികൾക്കിടയിൽ പിടിയും കോഴിക്കറിയും

അരിപ്പൊടി മിശ്രിതം ചെറിയ ഉരുളകളാക്കണം

കേരളത്തിന്റെ കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമായ പിടിയും കോഴിക്കറിയും ഇപ്പോൾ ആഘോഷങ്ങളിൽ പ്രധാനമാണ്. ഈസ്റ്റർ രുചികൾക്കായി വീടുകൾ ഒരുങ്ങുമ്പോൾ പിടിയും കോഴിക്കറിയും തയാറാക്കുന്നതെങ്ങനെ എന്നറിയാം.

അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി.

അരിപ്പൊടി (ഒരു കിലോ) , തേങ്ങാപ്പീര, വെളുത്തുള്ളി നാല് അല്ലി, ജീരകം ഒരു ചെറിയ ടീസ്‌പൂൺ എന്നിവയാണ് വേണ്ട ചേരുവകൾ

ചുവന്ന നിറം ആകുന്നതിനു മുൻപ് വാങ്ങുന്ന തരത്തിൽ അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. അരച്ചെടുത്ത വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കിൽ വെള്ളം തിളപ്പിക്കണം. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. അരിപ്പൊടി മിശ്രിതം ചെറിയ ഉരുളകളാക്കണം.

വെളുത്തുള്ളിയും ജീരകവും അരച്ചുചേർത്ത വെള്ളത്തിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ തയാറാക്കിവച്ചിരിക്കുന്ന പിടികൾ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാൻ തുടങ്ങുക. നന്നായി ഇളക്കിവറ്റിച്ച്, കുറുക്കു പരുവത്തിലാക്കിയ ശേഷം വാങ്ങിവയ്‌ക്കുക. തണുത്തു കഴിഞ്ഞു മുറിച്ചു കഷണങ്ങളാക്കി വിളമ്പാം.

ഇതിനൊപ്പം തേങ്ങാപ്പാൽ ചേർത്ത ചിക്കൻ കറികൂടി തയ്യറാക്കാം

ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്‌ക്ക എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. സവാള, കറി വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ പച്ചമണം മാറുന്നതുവരെ വഴറ്റുക. അതിനു ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക.

പൊടികൾ ചേർത്തശേഷം വേവിച്ച കോഴിക്കഷണങ്ങൾ ചേർക്കാം. ആദ്യം രണ്ടാം പാൽ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്‌ക്കണം. മുകളിൽ മല്ലിയില വിതറി വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button