
കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടന്‍ മോശമായി പെരുമാറിയെന്ന പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും. സരയൂ , വിനുമോഹന്‍, അന്‍സിബ എന്നിവരാണ് മൂന്നംഗ സമിതി. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്. അതേസമയം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ഷൈനിനു വേണ്ടി പൊലീസ് അന്വേഷണം വിപുലമാക്കി. ഷൈനിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ പൊലീസ് സംഘം എത്തിയതെങ്കിലും കണ്ടെത്താനായില്ല.
Read Also: യാത്രക്കിടെ കെഎസ്ആർടിസി ബസിൽ 17കാരൻ കുഴഞ്ഞുവീണ് മരിച്ചു : ദാരുണ സംഭവം പാലക്കാട്
ഷൈനിനായി കൊച്ചിയിലും തൃശൂരിലും പൊലീസിന്റെ വ്യാപക അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാന്‍സാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഷൈനിന് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങി ഓടിയത്. റെയ്ഡ് വിവരം ചോര്‍ന്നതിനു പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടന്‍ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വിന്‍സി അലോഷ്യസ് പരാതി പറഞ്ഞത്. ആരോപണം നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു.
Post Your Comments