
നോമ്പുകാലം കഴിഞ്ഞ് മലയാളിക്ക് ഈസ്‌റ്റർ രുചിയിൽ ആദ്യം നാവിൻതുമ്പിലെത്തുന്നത് അപ്പമായിരിക്കും. ഇളംചൂടോടെ വെള്ളയപ്പവും ഇന്റി അപ്പവുമൊക്കെ (കുരിശിനുമുകളിൽ എഴുതിയ ഐഎൻആർഐയിൽനിന്നാണ് അപ്പത്തിന് ഇന്റിയെന്നു പേരു കിട്ടിയതത്രെ) ഈസ്റ്റർ ദിനത്തിലെ പ്രധാന വിഭവങ്ങളാണ്. കോഴിയും താറാവും കറികൾക്ക് കേരളത്തിലെ പലയിടങ്ങളിലും പല രുചിയാണ്. അതേ സമയം ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന ഉയിർത്തെഴുന്നേൽപ്പ് ഉൽസവത്തിന് വ്യത്യസ്‌തതയാർന്ന ഭക്ഷണക്രമമാണ് ഉള്ളത്. അവ നമുക്കൊന്ന് പരിശോധിക്കാം.
യൂറോപ്യൻ രാജ്യങ്ങളിൽ കഴിക്കുന്ന പ്രധാന വിഭവമാണ് ഹോട്ട് ക്രോസ് ബൺ. ബണ്ണുകളുടെ നിർമാണം ഗ്രീക്ക് സാമ്രാജ്യത്തോളം പഴക്കമുള്ളതാണെന്നു ചരിത്രകാരൻമാർ പറയുന്നു. ഈസ്‌റ്റോർ എന്നു പേരുള്ള ഗ്രീക്ക് ദേവതയ്‌ക്കായി നിർമിച്ചതാണ് ബൺ എന്നു വിശ്വസിച്ചിരുന്നു.
ഗ്രീക്കുകാർ പ്രകാശത്തിന്റെ ദേവത എന്നു വിളിച്ചിരുന്ന ഈസ്‌റ്റോറിൽ നിന്നാണ് ‘ഈസ്‌റ്റർ’ എന്നു പേരുണ്ടായത്. വസന്തകാലത്തിന്റെ ദേവതയായിരുന്നു ഈസ്‌റ്റോർ. 1592ൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്‌ഞി ഈസ്‌റ്ററിനും ക്രിസ്‌മസിനുമല്ലാതെ ഹാട്ട്‌ക്രോസ് ബണ്ണുകൾ വിൽക്കരുതെന്ന് ഉത്തരവിറക്കി.
റഷ്യ, സ്ലോവേനിയ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഈസ്‌റ്റർ ദിനത്തിലെ പ്രത്യേക ഇനമാണ് ബട്ടർ ലാംബ്. വെണ്ണകൊണ്ടു നിർമിച്ച ആട്ടിൻകുട്ടിയുടെ ശിൽപമാണ് സംഗതി. ഭക്ഷണം തീരുമ്പോഴേക്കും ആട്ടിൻകുട്ടിയെ മുഴുവൻ കഴിച്ചിരിക്കും. ഇല്ലെങ്കിൽ ഉരുകിപ്പോവുമെന്നു സാരം. ഇടയന്റെ തെളിക്കുന്ന വഴിയേ സഞ്ചരിക്കുന്ന നല്ല കുഞ്ഞാടുകളാവാം എന്ന സന്ദേശമാണ് ബട്ടർ ലാംബ് തരുന്നത്.
അതേ സമയം പിസല്ലേ എന്നു പേരുള്ള കുക്കിയാണ് ഇറ്റലിയിൽ ഈസ്‌റ്റർ ആഘോഷങ്ങളിൽ നിറയുക. വെണ്ണ, പഞ്ചസാര, മുട്ട, വാനില എന്നിവ ചേർത്താണ് പിസല്ലെ നിർമിക്കുക. ലോകത്തിൽ ഏറ്റവുമാദ്യം നിർമിക്കപ്പെട്ട മിഠായികളിൽ ഒന്നാണ് പിസല്ലെ എന്നു ചരിത്രകാരൻമാർ പറയുന്നു. പുരാതന റോമാ സാമ്രാജ്യത്തിന്റെ കാലംതൊട്ട് പിസല്ലെ നിർമിച്ചിരുന്നുവത്രെ.
പീപ്പ്‌സ് എന്നു പേരുള്ള മിഠായിയാണ് അമേരിക്കയിലും കാനഡയിലും ഈസ്‌റ്റർ ദിനത്തിൽ കുട്ടികളുടെ പോക്കറ്റിൽ ഇടംപിടിക്കുക. കോഴിക്കുഞ്ഞിന്റെ ആകൃതിയിലാണു മിഠായി നിർമിക്കുന്നത്. കൂടാതെ ഏറെ പ്രചാരത്തിലുള്ള ഈസ്റ്റർ മുട്ടകളും ഈസ്റ്റർ ദിനത്തിലെ താരങ്ങളാണ്.
Post Your Comments