Kerala

ദൃശ്യം-4 നടപ്പാക്കിയതായി ജോമോൻ എബിനോട് പറഞ്ഞു: ബിജു കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി: തൊടുപുഴ ബിജു കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമായ പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതുൾപ്പെടെ നിര്‍ണായക വിവരങ്ങൾ ഇയാൾക്കറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു.പ്രവിത്താനം സ്വദേശിയാണ് എബിൻ. ഒന്നാം പ്രതിയായ ജോമോൻ്റെ അടുത്ത ബന്ധവും ബിസിനസ് സഹായിയുമാണ് അറസ്റ്റിലായ എബിൻ. കൊലപാതകത്തിൻ്റെ തുടക്കം മുതലുള്ള കാര്യങ്ങൾ എബിന് അറിയാമെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിനുശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. തട്ടിക്കൊണ്ടുപോകലുൾപ്പെടെ മുഴുവൻ കാര്യങ്ങളും ജോമോൻ നേരത്തെ എബിനുമായി പങ്കുവച്ചിരുന്നു. ഇരുവരുടെയും നിർണായക ഫോൺ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പൊലീസിന് കിട്ടി.

മാർച്ച് 15 മുതൽ നടന്ന ആസൂത്രണത്തിലും എബിന് പങ്കാളിത്തമെന്ന് സൂചന. ക്വട്ടേഷൻ സംഘാംഗങ്ങളെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അന്നും ജോമോൻ എബിന് വിവരങ്ങൾ നൽകി. ഓമ്നി വാൻ കിട്ടുമോ എന്നും ജോമോൻ എബിനോട് ചോദിച്ചു. കൃത്യത്തിന് ശേഷം പുതിയ ഫോൺ വാങ്ങാൻ ജോമോന് പണം നൽകിയതും എബിനാണെന്നാണ് വിവരം.

ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കി. ഗൂഡാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോന്‍റെ ഭാര്യയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിലാണ്.

ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകി മാറി നിൽക്കുകയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇവരുടെ അറസ്റ്റും ഉടനുണ്ടായേക്കും.തെളിവ് നശിപ്പിക്കലുൾപ്പെടെയുളള വകുപ്പ് ഇവർക്കെതിരെ ചുമത്തും ജോമോൻ, മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്.

shortlink

Post Your Comments


Back to top button