
ന്യൂയോർക്ക് : അച്ചടക്ക നടപടിയുടെ ഭാഗമായി ഡോ : നിഷാ പിള്ളയെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഏപ്രിൽ 9 ന് നടന്ന യോഗത്തിൽ കെഎച്ച്‌എൻഎ ട്രസ്റ്റി ബോർഡ് അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ വോട്ടിനെത്തുടർന്നാണ് തീരുമാനം.
തുടർച്ചയായി കെഎച്ച്‌എൻഎ ബൈലോകളുടെ ലംഘനം നടത്തിയതിനും 2023-ലെ കെഎച്ച്എൻഎ കൺവെൻഷന്റെ വിശദമായ കണക്കുകൾ വയ്ക്കുമെന്നും വരുമാനത്തെയും ചെലവുകളെയും കുറിച്ച് ശരിയായ വിശദീകരണം നൽകുമെന്നും അക്കൗണ്ടുകൾ പാസാക്കുമെന്നും ഉള്ള വാഗ്ദാനം പാലിച്ചില്ല എന്നീ കുറ്റങ്ങൾ ചാർത്തിയാണ് സസ്‌പെൻഷൻ. ജനറൽ ബോഡിയിൽ ജി കെ പിള്ളയുടെ നേതൃത്വത്തിൽ ഉള്ള ഭരണസമിതി അവതരിപ്പിച്ച കണക്കും ഐആർഎസിലെ ടാക്സ് ഫയൽ ചെയ്ത കണക്കും തമ്മിൽ രണ്ടര കോടിയുടെ വ്യത്യാസം കണ്ടെത്തിയിരുന്നു.
ഇടക്കാല ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നതായി ട്രസ്റ്റീ ബോർഡ് കണ്ടെത്തി. വ്യാജ വോട്ടർമാരെ പങ്കെടുപ്പിച്ചു വോട്ട് ചെയ്തതിനുശേഷം ജനറൽ ബോഡി യോഗം അവസാനിക്കുന്നതിന് മുമ്പ് വോട്ടുകൾ എണ്ണുകയോ ഫലങ്ങൾ പ്രഖ്യാപിക്കുകയോ ചെയ്യാതെ ബാലറ്റുകളുടെ പവിത്രത നശിപ്പിച്ചുകൊണ്ട് വോട്ടിംഗ് ബാലറ്റുകൾ പ്രസിഡന്റ് വീട്ടിലേക്ക് കൊണ്ടുപോയി തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ആണ് ട്രസ്റ്റീ ബോർഡ് കണ്ടെത്തിയത്.
കെഎച്ച്എൻഎയുടെ ഭരണഘടന , സമഗ്രത, പ്രശസ്തി എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രസിഡന്റിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതെന്നും ട്രസ്റ്റീ ബോർഡ് നൽകിയ കത്തിൽ പറയുന്നു. ഈ സമയത്ത് പ്രസിഡന്റ് വിളിക്കുന്ന ബോർഡ് മീറ്റിംഗുകളും തെരഞ്ഞെടുപ്പുകളും ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളും അസാധു ആയി കണക്കാക്കപ്പെടുമെന്നും കെഎച്ച്എൻഎ ട്രസ്റ്റി ബോർഡിന് വേണ്ടി ഡോ. രഞ്ജിനി പിള്ള നൽകിയ കത്തിൽ അറിയിച്ചു .
സുധ കർത്ത, പ്രസന്നൻ പിള്ള, സതീഷ് അമ്പാടി, ഗോവിന്ദൻകുട്ടി നായർ, അരവിന്ദ് പിള്ള, രതീഷ് നായർ, വനജ നായർ, നന്ദകുമാർ ചക്കിങ്കൽ, ഗോപാലൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Post Your Comments