
ലക്‌നൗ: ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മോഷ്ടിച്ച കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. കാനറ ബാങ്കിലെ ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ബാങ്ക് ജീവനക്കാരന്‍ മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വസ്ത്രത്തില്‍ പണക്കെട്ടുകള്‍ ഒളിപ്പിച്ച് കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അഭിനവ് സക്സേന എന്ന ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. യുപിയിലെ റാംപൂര്‍ സ്വദേശിയാണ് അഭിനവ് സക്സേന. കനറാ ബാങ്കിന്റെ മഥുര ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്. പ്രതിമാസ ഭണ്ഡാര എണ്ണിത്തിട്ടപ്പെടുത്തലിനിടെയാണ് അഭിനവ് സക്സേന പിടിയിലായതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.
Read Also: ഗോകുലം ഗോപാലനെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി : വീണ്ടും മൊഴിയെടുക്കുന്നു
അഭിനവ് 500 രൂപ, 200 രൂപ നോട്ടുകെട്ടുകള്‍ എടുത്ത് ഒളിപ്പിക്കുന്നത് ക്ഷേത്ര സുരക്ഷാ ജീവനക്കാരുടെ കണ്ണില്‍പ്പെട്ടു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ പരിശോധിച്ചപ്പോള്‍ 1,28,600 രൂപ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ പല ദിവസങ്ങളിലായി 8,55,300 രൂപ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ ബാങ്ക് ജീവനക്കാരന്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. മഥുരയിലെ അശോക സിറ്റിയിലെ വീട്ടില്‍ നിന്ന് പണം കണ്ടെടുത്തു. ക്ഷേത്ര മാനേജര്‍ മുനീഷ് കുമാര്‍ ശര്‍മ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിനവിനെ ജില്ലാ ജയിലിലടച്ചു.
അഭിനവ് സക്‌സേനയെ കാനറ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ 2020 മുതല്‍ 2024 വരെ വൃന്ദാവന്‍ ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പിന്നീട് മഥുരയിലേക്ക് സ്ഥലം മാറ്റപ്പെട്ടതാണെന്നും വൃന്ദാവന്‍ ബ്രാഞ്ച് മാനേജര്‍ മോഹിത് കുമാര്‍ അറിയിച്ചു.
Post Your Comments