സംസ്ഥാനത്ത് വേനല്‍ മഴയില്‍ രണ്ട് മരണം. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയില്‍ കനത്ത മഴയില്‍ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.
ഏലത്തോട്ടത്തില്‍ ജോലി ചെയ്യവെയാണ് ഇടുക്കി അയ്യപ്പന്‍കോവില്‍ സുല്‍ത്താനിയായില്‍ താമസിക്കുന്ന അയ്യാവു മരിച്ചത്. കല്ലും മണ്ണും ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു. ചാത്തമംഗലം താത്തൂര്‍ എറക്കോട്ടുമ്മല്‍ ഫാത്തിമ ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം.
ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ ഇടിമിന്നലില്‍ ഇടുക്കി നെടുങ്കണ്ടത്തും തിരുവനന്തപുരം വെള്ളറയിലും വീട് തകര്‍ന്നു. ഇടുക്കിയില്‍ പ്രകാശ്ഗ്രാം പാറയില്‍ ശശിധരന്റെ വീടും വെള്ളറട,കിളിയൂരില്‍ സത്യരാജിന്റെ വീടുമാണ് തകര്‍ന്നത്. പാലക്കാട് അമ്പലപ്പാറയില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു.
മുണ്ടക്കയത്ത് വരിക്കാനിയിലെ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ക്ക് മിന്നലേറ്റു. എട്ടുപേര്‍ക്കാണ് മിന്നല്‍ ഏറ്റത്. കൊച്ചിയിലും പത്തനംതിട്ടയിലും വിവിധ ഇടങ്ങളില്‍ പരക്കെ വേനല്‍ മഴ ലഭിച്ചു. ശക്തമായ മഴയില്‍ പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലും എടിഎമ്മലും വെള്ളം കയറി.
വേനല്‍ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, നാളെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ തമിഴ് നാടിന് മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും,അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് രാത്രി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത ഉണ്ട്.
Leave a Comment