
കണ്ണൂർ: കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് 150 തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിൽ യാത്ര ചെയ്ത ഉളിക്കൽ സ്വദേശിയാണ് സംഭവത്തിൽ കസ്റ്റഡിയിലായത്. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ ബർത്തിനുളളിൽ ബാഗിൽ പൊതിഞ്ഞ നിലയിലാണ് തോക്കിൻ തിരകൾ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
പോലീസ് കസ്റ്റഡിയിലെടുത്ത ആൾ തന്നെയാണോ തോക്കിൻ തിരകൾ കൊണ്ടുവന്നത് എന്നതടക്കമുള്ള അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലെടുത്ത ആളെ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയച്ചു. വിളിക്കുമ്പോൾ ഹാജരാവണമെന്നും ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പിടിച്ചെടുത്ത തോക്കിൻ തിരകൾ നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ്. നായാട്ട് സംഘങ്ങൾക്ക് വേണ്ടിയാകാം ഇത് കൊണ്ട് വന്നതെന്നാണ് നിലവിലെ നിഗമനം. എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്ത തിരകൾ പിന്നീട് പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡെത്തിയാണ് പരിശോധന നടത്തിയത്. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments