Kerala

പുതിയ പ്രതീക്ഷകൾ; മുണ്ടക്കൈ- ചൂരല്‍മല ടൗൺഷിപ്പിന് തറക്കല്ലിടൽ ഇന്ന്

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട് നാലുമണിക്ക് തറക്കല്ലിടൽ ചടങ്ങ് നടക്കുക.7 സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകൾ ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്.

ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവൻ പേരും സമ്മതപത്രം നൽകി കഴിഞ്ഞു. ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.

അതേസമയം, മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 549 കോടി രൂപ മതിപ്പുവിലയുള്ള ഭൂമി 26 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. വിപണി വിലയുടെ 5ശതമാനം മാത്രമാണ് സർക്കാർ കണക്കാക്കിയിട്ടുള്ളതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button