KeralaLatest NewsNews

കള്ളപ്പണക്കേസുകളുടെ രൂപം മാറി: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് എങ്ങനെ ശാസ്ത്രീയമായി ഇല്ലാതാക്കാമെന്ന് തെളിഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡി രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി വാദം ശരിയാണെന്ന് വ്യക്തമായി. ബിജെപി നേതാക്കള്‍ക്ക് ഒരു പോറലുമേല്‍ക്കാതെയാണ് ഇ ഡിയുടെ കുറ്റപത്രം. ബിജെപിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തി എഴുതിയ ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്റെ അനുമതിയോടെയാണ് കള്ളപ്പണം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേരള പൊലീസ് അന്വേഷിച്ച് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറി. വര്‍ഷങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും ഇ ഡി കേസ് അന്വേഷിക്കാന്‍ തയ്യാറായില്ല. ഹൈക്കോടതി നോട്ടീസ് അയച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് ഇ ഡി തയ്യാറായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കള്ളപ്പണക്കേസിന്റെ രൂപം ഇപ്പോള്‍ മാറിയിരിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ തിരുവിതാംകൂര്‍ പാലസിന്റെ വസ്തു വാങ്ങാന്‍ ഡ്രൈവര്‍ സംഗീതിന്റെ കയ്യില്‍ ധര്‍മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപ കൊള്ളയടിക്കപ്പെട്ടു എന്ന രീതിയിലാണ് കേസ് മാറ്റിയിരിക്കുന്നത്. ഈ വിചിത്രവാദം ആര്‍ക്കെങ്കിലും മനസിലാകുമോ എന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. സ്ഥലം വാങ്ങാന്‍ ഇത്രയും തുക എവിടെ നിന്നാണ് ലഭിച്ചത്?. ഏത് വസ്തു വാങ്ങാനാണ് അവര്‍ തീരുമാനിച്ചതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഇ ഡി പറയുന്ന കാര്യങ്ങളെല്ലാം ശുദ്ധ അസംബന്ധമാണ്. ആര്‍എസ്എസിന് വേണ്ടി ഇ ഡി എന്ത് വൃത്തികെട്ട നിലപാടും സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇ ഡിക്കെതിരെ ജനകീയ വികാരം ഉണരണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഈ മാസം 29ന് കൊച്ചി ഇ ഡി ഓഫീസിലേക്ക് സിപിഐഎം മാര്‍ച്ച് സംഘടിപ്പിക്കും. ലോക്കല്‍ മുതല്‍ ജില്ലാ തലത്തില്‍ വരെ പ്രതിഷേധം നടത്തും. തൃശൂര്‍ കേന്ദ്രീകരിച്ചും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button