
തിരുവനന്തപുരം: സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ മലപ്പുറം, പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിന് പുതിയ ചുമതല. സുജിത് ദാസിനെ ഐടി എസ്പിയായി നിയമിച്ചു. പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.
മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിക്കേസിലടക്കം സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പി വി അന്‍വര്‍ പുറത്തുവിട്ടത്. കേസില്‍ പി വി അന്‍വര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും വേണമെങ്കില്‍ കാലുപിടിക്കാം എന്നടക്കമുള്ള കാര്യങ്ങളായിരുന്നു ഒന്നാമത്തെ ഓഡിയോയിലുണ്ടായിരുന്നത്.
എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ ഓഡിയോ ആയിരുന്നു രണ്ടാമത്തേത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായി അജിത്കുമാറിന് അടുത്തബന്ധമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും ഈ ഓഡിയോയില്‍ സുജിത് ദാസ് പറഞ്ഞിരുന്നു. ഇത് ആഭ്യന്തര വകുപ്പിനകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തിന് ശേഷം ഈ മാസം ഏഴിന് തിരിച്ചെടുത്തെങ്കിലും മറ്റ് നിയമനമൊന്നും നല്‍കിയിരുന്നില്ല. ജനറല്‍ ട്രാന്‍സ്ഫറിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിഗമനം.
Post Your Comments