കണ്ണൂര്‍ ചക്കരക്കല്ലില്‍ മുപ്പത് പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍ : ഭീതിയോടെ പ്രദേശവാസികൾ

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്

കണ്ണൂർ : കണ്ണൂര്‍ ചക്കരക്കല്ലില്‍ മുപ്പത് പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. അക്രമകാരിയായ നായയെ മുഴപ്പാലക്ക് സമീപമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വഴിയലുടനീളം മറ്റ് ജീവികളെ കൂടി ആക്രമിച്ച നായ ചത്തതോടെ പേവിഷ ബാധ ഭീതിയിലാണ് നാട്ടുകാർ. എല്ലാവരെയും ഒരു നായയാണ് രണ്ടു മണിക്കൂറിനിടെ കടിച്ചത്. രാവിലെ 6.30 നാണ് കോയ്യോട് പൊക്കൻമാവിൽ തെരുവ് നായ ഒരു കുട്ടിയെ ആക്രമിച്ചത്.

തുടര്‍ന്ന് പാനേരിച്ചാൽ, ഇരിവേരി, കണയന്നൂർ, ആർവി മൊട്ട, കാവിൻമൂല പ്രദേശങ്ങളിലൂടെ മുഴപ്പാല വരെ ഓടിയ നായ 30ഓളം പേരെ കടിച്ചു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. കാലിന്റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്. വീട്ടിനുള്ളില്‍ കയറിയും നായ കടിച്ചു പരുക്കേല്‍പ്പിച്ചിട്ടുണ്ട്. മറ്റ് തെരുവ് നായകളും ആക്രമണത്തിനിരയായിട്ടുണ്ട്.

മൂക്കിന് കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മുതുകുറ്റി സ്വദേശി രാമചന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ഇരിവേരി സി എച്ച് സി, ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി.

Share
Leave a Comment