കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ കൊന്ന 12കാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റും : ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം

പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ ഏക മകള്‍ യാസികയാണ് മരിച്ചത്

കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന കേസില്‍ 12കാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും. ഇതിന് മുമ്പായി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പിലും ഹാജരാക്കും. പെണ്‍കുട്ടിയെ ഇനി വിശദമായി ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ ഏക മകള്‍ യാസികയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. ക്വാര്‍ട്ടേഴ്‌സിലെ നടുമുറിയില്‍ ഇവര്‍ക്കൊപ്പം മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സായ രണ്ട് പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്.

യാസികയെ അര്‍ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റില്‍ ഇട്ടുവെന്ന് പന്ത്രണ്ടുവയസ്സുകാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൂന്നുമാസം മുന്‍പാണ് പന്ത്രണ്ടുകാരിയുടെ പിതാവ് മരിച്ചത്. അമ്മ നേരത്തേ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന കുട്ടിയുടെ സംശയമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു.

വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് വളപട്ടണം ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പാപ്പിനിശ്ശേരി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Share
Leave a Comment