സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസർ സ്ഥിരീകരിച്ചത് തിരിച്ചടിയായി : താന്നിയിലെ കൂട്ട ആത്മഹത്യ ഏറെ ദാരുണ സംഭവം

താന്നിയില്‍ ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന അജീഷ്, ഭാര്യ സുലു, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരെയായിരുന്നു മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്

കൊല്ലം : താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന് സൂചന. കുഞ്ഞിന്റെ പിതാവ് അജീഷിന് കഴിഞ്ഞ ദിവസം ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ സമ്മര്‍ദം കുടുംബത്തിനുണ്ടായിരുന്നുവെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ പ്രതികരിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷണര്‍.

താന്നിയില്‍ ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന അജീഷ്, ഭാര്യ സുലു, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരെയായിരുന്നു മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.

നാട്ടുകാരുമായി നല്ല ബന്ധമാണ് കുടുംബത്തിനെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ഗള്‍ഫിലായിരുന്ന അജീഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ തന്നെയുണ്ടായിരുന്നു.

എഴുന്നേല്‍ക്കാന്‍ വൈകിയപ്പോഴാണ് അന്വേഷിച്ചത്. തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും അവര്‍ വാതില്‍ തട്ടിക്കുറക്കുകയുമായിരുന്നു. ഇരവിപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Share
Leave a Comment