
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇഷ്ടംപോലെ പരോൾ കിട്ടുന്നത് ഭാര്യയും എം എൽ എയുമായ കെ കെ രമ നിയമസഭയിൽ ചോദ്യം ചെയ്തു. ടി പി കേസിലെ പ്രതികൾക്ക് ഇത്രയധികം ദിവസത്തെ പരോൾ എങ്ങനെയെന്ന ചോദ്യമാണ് രമ ഉയർത്തിയത്. ടി പി കേസിലെ പ്രതികൾക്ക് ഇഷ്ടംപോലെ പരോളും ജാമ്യവുവും കിട്ടുന്നുണ്ട്. കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സർക്കാർ 24 മണിക്കൂറും ആണയിടുന്നത്. പക്ഷേ പ്രതികളെ ജയിലിൽ നിർത്താൻ സൗകര്യമില്ലെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികൾക്ക് മാത്രം ഇങ്ങനെ പരോൾ കിട്ടുന്നതെന്നും രമ ചോദിച്ചു.
ടി പി കേസിലെ പ്രതികൾക്ക് അനുവദിച്ച പരോളിന്‍റെ വിവരങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു രമയുടെ ചോദ്യങ്ങൾ. കെ സി രാമചന്ദ്രൻ എന്ന പ്രതിക്ക് 1308 ദിവസത്തെ പരോൾ കിട്ടി. അണ്ണൻ സിജിത്ത് എന്ന പ്രതിക്ക് 1305 ദിവസത്തെ പരോളാണ് ലഭിച്ചത്. ട്രൗസർ മനോജിന് 1295 ദിവസത്തെ പരോളും ടി കെ രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചെന്ന് രമ ചൂണ്ടികാട്ടി. നിങ്ങൾ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോൾ കൊടുത്ത് അവരെ നിങ്ങൾ സംരക്ഷിക്കുന്നതെന്ന വിമർശനവും സർക്കാരിനെതിരെ രമ ഉന്നയിച്ചു.
Post Your Comments