സ്വർണ കള്ളക്കടത്ത് കേസ്: രന്യ റാവുവിൻ്റെ പിതാവ് ഡിജിപി രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു

ദുബായിൽ നിന്ന് മടങ്ങുമ്പോൾ മാർച്ച് 3 ന് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണവുമായി രന്യ റാവു അറസ്റ്റിലായത്

ബെംഗളൂരു : സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ രന്യ റാവുവിൻ്റെ രണ്ടാനച്ഛനും കർണാടകയിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ ശനിയാഴ്ച നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥൻ.

ദുബായിൽ നിന്ന് മടങ്ങുമ്പോൾ മാർച്ച് 3 ന് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണവുമായി രന്യ റാവു അറസ്റ്റിലായത്. ഡിജിപി റാവുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് താൻ അങ്ങനെ ചെയ്തതെന്ന് നടിയെ സഹായിച്ച പ്രോട്ടോക്കോൾ ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

സ്വർണക്കടത്തിന് സങ്കീർണ്ണമായ ഒരു രീതി ഉള്ളതായി അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വെള്ളിയാഴ്ച പ്രത്യേക കോടതിയെ അറിയിച്ചു. സുരക്ഷയെ മറികടക്കാൻ സംസ്ഥാന പോലീസ് പ്രോട്ടോക്കോൾ ഓഫീസറെ ഉപയോഗിച്ചു, സ്വർണം വാങ്ങുന്നതിനായി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഫണ്ട് കൈമാറാൻ ഹവാല ഇടപാടുകളിൽ ഏർപ്പെട്ടു, വലിയൊരു സംഘത്തിന്റെ പങ്കാളിത്തം എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേ സമയം താൻ ഒരു ഹൃദയം തകർന്ന രക്ഷിതാവ് ആണെന്ന് മകളുടെ അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ അവളുടെ പങ്കിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, അടുത്തിടെയുള്ള വിവാഹത്തിന് ശേഷം അവർ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ മാധ്യമ റിപ്പോർട്ടുകളിലൂടെ മാത്രമാണ് മകളുടെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേ സമയം ഡിആർഐക്ക് പുറമേ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയും ഈ സ്വർണ്ണക്കടത്ത് ഒരേസമയം അന്വേഷിക്കുന്നുണ്ട്.

Share
Leave a Comment