ബാധ ഒഴിപ്പിക്കാൻ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു: ആറ് മാസം പ്രായമായ കുഞ്ഞിനോട് ക്രൂരത

കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി

ഭോപ്പാല്‍: ആറ് മാസം പ്രായമായ കുഞ്ഞിനോട് ദുര്‍മന്ത്രവാദിയുടെ ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കുട്ടിയെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കോലറാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി.

കുഞ്ഞിന് എന്തൊക്കെയോ അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയായ രഘുവീര്‍ ധാക്കഡിനെ സമീപിക്കുകയായിരുന്നു. മകനെ ചില അദൃശ്യ ശക്തികള്‍ വേട്ടയാടുന്നുണ്ടെന്നും അതിനായി ഉച്ചാടന ചടങ്ങ് ആവശ്യമാണെന്നും ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് കുഞ്ഞിനെ തലകീഴായി തീയ്ക്ക് മുകളില്‍ കെട്ടിത്തൂക്കി. കുഞ്ഞ് നിലവിളിച്ചെങ്കിലും മാതാപിതാക്കള്‍ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുര്‍മന്ത്രവാദ ക്രൂരത പുറം ലോകം അറിഞ്ഞത്.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്. അനാചാരം കുഞ്ഞിന്റെ കണ്ണുകള്‍ക്ക് സാരമായ കേടുപാടുണ്ടാക്കിയെന്നും കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്ന് പറയാന്‍ പ്രയാസമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടി ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അമന്‍ സിങ് റാത്തോഡ് പറഞ്ഞു.

Share
Leave a Comment