കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസില്‍ ലഹരി എത്തിച്ചതെന്നാണ് ഇരുവരുടെയും മൊഴി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമന്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Also: ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കും’: തുഷാർ ഗാന്ധി
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ വന്‍തോതില്‍ ലഹരി എത്തുമെന്ന സൂചനയുമായി പ്രിന്‍സിപ്പാള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയെതെന്ന വിവരവും ഇന്ന് പുറത്തു വന്നു. പ്രിന്‍സിപ്പാള്‍ പൊലീസിന് നല്‍കിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിര്‍ണായകമായത്. ക്യാമ്പസില്‍ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നല്‍കി പ്രിന്‍സിപ്പള്‍ 12 ന് പൊലീസിന് കത്ത് നല്‍കിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിപ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടുവെന്നുമാണ് പ്രിന്‍സിപ്പാള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നും പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടിരുന്നു.
Leave a Comment