യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി

 

 മലപ്പുറം:   നടുവട്ടത്ത് യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു.
എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നകിയത്. മൂന്നു വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറവാണെന്നതടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികയുമായ ഉപദ്രവം തുടങ്ങിയെന്ന് യുവതി പറഞ്ഞു.

Read Also: മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ ചികിത്സ ചെയ്തത് പാര്‍ശ്വഫലങ്ങളുണ്ടാക്കി : യുവതിയുടെ പരാതിയിൽ ഡോക്ടര്‍ക്കെതിരെ കേസ് 

കുട്ടിയായതോടെ അപമാനിക്കലും തുടങ്ങി. വിദേശത്തു ജോലിയിലിരിക്കെ മൊബൈല്‍ഫോണിലും അപമാനവും അവഹേളനവും തുടര്‍ന്നു. നാട്ടിലെത്തിയ ശേഷം മദ്യപിച്ചെത്തി ഉപദ്രവം തുടങ്ങി. മിണ്ടാതിരിക്കുമ്പോള്‍ എന്താണ് സംസാരിക്കാത്തത് എന്ന് പറഞ്ഞ് ഉപദ്രവിക്കുമെന്ന് യുവതി പറയുന്നു. കട്ടിലില്‍ നിന്നും താഴേക്ക് വലിച്ചിടുകയും കഴുത്തില്‍ പിടിച്ച് ചുമരിലേക്ക് അമര്‍ത്തുകയും ചെയ്യുമെന്ന് യുവതി പറഞ്ഞു.

ശാരീരിക ഉപദ്രവം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിവര്‍ത്തിയില്ലാതെ സ്വന്തം വീട്ടിലേക്ക് വരേണ്ടി വന്നു. പിന്നാലെ ഫോണ്‍വിളിച്ച് കുഞ്ഞ് തന്റേതല്ലെന്നും എനിക്ക് ഇനി നിന്നെ വേണ്ടെന്നും തലാക്ക് ചൊല്ലിയെന്ന് ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് പറഞ്ഞെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തന്നോട് ആലോചിക്കാതെ വീടുവിട്ടുപോയതിലെ അമര്‍ഷം കാരണം ഇനി വേണ്ടെന്ന് പറഞ്ഞതല്ലാതെ ഫോണിലൂടെ തലാക്ക് ചൊല്ലിയിട്ടില്ലെന്നാണ് ഷാഹുല്‍ ഹമീദിന്റെ വിശദീകരണം.

യുവതിയുടെ പരാതിയില്‍ നിയമ വിരുദ്ധമായി തലാക്ക് ചൊല്ലിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കബളിപ്പിച്ച് കൈക്കലാക്കിയതിനും ഷാഹുല്‍ ഹമീദിനെതിരെ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Share
Leave a Comment