ഒടുവില്‍ മടക്കയാത്രക്ക് തീയതിയായി; ബഹിരാകാശത്ത് ചരിത്രം തിരുത്തി സുനിത വില്യംസ്

‘നമ്മള്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവര്‍ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സുനിത വില്യംസ് പറഞ്ഞു. 9 മാസമായി സുനിത വില്യംസിനെക്കുറിച്ച് ലോകം ചോദിച്ചുകൊണ്ടിരുന്നത് ഒരേ ചോദ്യമാണ്, ”എപ്പോള്‍ മടങ്ങും?” എന്ന്. ഒടുവില്‍ അതിന് ഉത്തരമായി – മാര്‍ച്ച് 16 എന്ന് നാസ. സ്‌പേസ് എക്‌സിന്റെ ഡ്രാ?ഗണ്‍ പേടകത്തിലായിരിക്കും സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കം. തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ഷിപ്പ് റഷ്യന്‍ കോസ്‌മോനോട്ട് അലക്‌സിസ ഓവ്ചിനിന് സുനിത വില്യംസ് കൈമാറി. ബഹിരാകാശ രം?ഗത്ത് യുഎസ്-റഷ്യ സഹകരണത്തിന്റെ വിളംബരം കൂടിയായ ചടങ്ങില്‍ സുനിത വില്യംസ് വൈകാരികമായി പറഞ്ഞത് നിങ്ങളെ എനിക്ക് മിസ്സ് ചെയ്യും എന്നാണ്.

2024 ജൂണ്‍ 5നാണ് ഫ്‌ലോറിഡയിലെ കേപ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ട് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം പറന്നുയര്‍ന്നത്. എട്ട് ദിവസത്തേക്ക് എന്ന് പറഞ്ഞ് തുടങ്ങിയ ആ യാത്ര ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 10 മാസത്തോളം നീണ്ടത് അപ്രതീക്ഷിതമായിരുന്നു. പക്ഷേ മനുഷ്യന്റെ ബഹിരാകാശ ദൗത്യങ്ങളില്‍ അവിസ്മരണീയമായ ഒരേടായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തും.

2011-ല്‍ സ്‌പേസ് ഷട്ടില്‍ യുഗത്തിന് തിരശീലയിട്ട നാസ, ബഹിരാകാശ ദൗത്യങ്ങളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച് തുടങ്ങി. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കൊണ്ടുപോയി, തിരിച്ച് കൊണ്ടുവരാന്‍ കരാര്‍ ലഭിച്ചത് രണ്ട് കമ്പനികള്‍ക്ക്. സ്‌പേസ് എക്‌സിനും ബോയിങ്ങിനും. സ്‌പേസ് എക്‌സ് 2020-ല്‍ തുടങ്ങി ഇതുവരെ 13 തവണ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചു. ഇതില്‍ 9 ദൗത്യവും നാസക്ക് വേണ്ടിയായിരുന്നു. നാലെണ്ണം വാണിജ്യാടിസ്ഥാനത്തിലും. സ്‌പേസ് സ്റ്റേഷനിലേക്ക് ടാക്‌സി സര്‍വീസ് നടത്തുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാവുക എന്ന ലക്ഷ്യത്തോടെയാണ് ബോയിങ്, രണ്ട് ബഹിരാകാശ യാത്രികരുമായി സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്.

Share
Leave a Comment