കേരളത്തിൽ ഇന്ന് ശക്തമായ മഴയെത്തും, രണ്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് മഴയെത്തും. വിവിധ സ്ഥലങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മലപ്പുറം, വയനാട് ജില്ലകൾക്കാണ് ജാ​ഗ്രതാ നിർദ്ദേശമുള്ളത്. ഈ രണ്ട് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണുള്ളത്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

തെക്കൻ തമിഴ് നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, മാലിദ്വീപ് , എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെയാകും. ഈ മേഖലയിൽ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Share
Leave a Comment