ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍

ഏറ്റുമാനൂരില്‍ മക്കളോടൊപ്പം കൂട്ട ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ പേരില്‍ നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നല്‍കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഉഷ രാജു പറഞ്ഞു.

ഭര്‍തൃ പിതാവിന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഷൈനി പുലരി കുടുംബശ്രീ യൂണിറ്റില്‍ നിന്ന് വായ്പഎടുത്തത്. 9 മാസം മുമ്പ് നോബിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി.

 

കുടുംബശ്രീ അംഗങ്ങള്‍ പണം ആവശ്യപ്പെട്ടതോടെ ഭര്‍ത്താവ് നോബിയില്‍ നിന്ന് വാങ്ങാന്‍ ഷൈനി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് നോബി തയ്യാറാകാതിരുന്നതോടെ കുടുംബശ്രീ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഷൈനിയുടെയും നോബിയുടെയും കുടുംബങ്ങളെയും കുടുംബശ്രീ അംഗങ്ങളെയും പൊലീസ് വിളിപ്പിച്ചെങ്കിലും പണം തിരിച്ചടയ്ക്കില്ല എന്നായിരുന്നു നോബിയുടെ നിലപാട്.

ഒരു ലക്ഷത്തി ഇരുപത്താറായിരം രൂപയാണ് ഷൈനിയുടെ പേരില്‍ എടുത്ത വായ്പയില്‍ തിരിച്ചടയ്ക്കാന്‍ ഉള്ളത്. ഷൈനി മരിച്ചതോടെ വായ്പാത്തുക എങ്ങനെ കിട്ടും എന്നറിയാത്ത പ്രതിസന്ധിയിലാണ് പുലരി കുടുംബശ്രീ യൂണിറ്റ്.

Share
Leave a Comment